ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രീതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരായ സരിത്തിന്റെ മൊഴി സഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്. നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ പ്രതിഷേധം. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ ആരോപണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റേത് സമരാഭാസമെന്ന് പി.എസ്. സുപാല്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവിന് ഡല്‍ഹിയില്‍ പോകാനാണ് ബഹിഷ്കരണമെന്ന് ഇ.കെ. വിജയന് പരിഹസിച്ചു. ഇന്നലെ ഈ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടിസ് പോലും പരിഗണിക്കാന്‍ ഭരണ പക്ഷം തയാറായിരുന്നില്ല. സഭക്കു പുറത്ത് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചു കൊണ്ടായിരുന്നു പ്രതിപക്ഷം തിരിച്ചടിച്ചത്.
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് സ്പീക്കറും നിയമമന്ത്രിയും വ്യക്തമാക്കി.
ശബരിമല അടക്കം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കര്‍ തള്ളിയതിന് പിന്നാലെ നിയമസഭക്ക് പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്നായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.


