ചെന്നൈ: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഫെഡറൽ സർക്കാർ രൂപീകരണ നീക്കം വീണ്ടും ശക്തമാക്കി . ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വീണ്ടും അവസരം തേടിയാണ് കെസിആർ ഫെഡറൽ മുന്നണിക്കായുള്ള ചരടുവലി ശക്തമാക്കിയത്.
ബിജെപി കേവല ഭൂരിപക്ഷത്തിന് അടുത്ത് എത്തിയാൽ അവസരം മുതലാക്കി വിലപേശൽ രാഷ്ട്രീയം നടപ്പാക്കാനുള്ള കെസി ആറിന്റെ ആയുധമാണ് ഫെഡറൽ മുന്നണി നീക്കമെന്നും ഡിഎംകെ സംശയിക്കുന്നുണ്ട്. കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസാമിയുമായും കെസിആർ ഫെഡറൽ മുന്നണി നീക്കം ചർച്ച ചെയ്തിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കെസിആർ കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്.
നേരെത്തെ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോൾ പ്രചാരണ തിരക്കുകൾ ചൂണ്ടിക്കാട്ടി സ്റ്റാലിൻ ചർച്ച റദ്ദാക്കിയിരുന്നു. ടിആർഎസ്സുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കുമില്ലെന്ന് ഡിഎംകെ ആവർത്തിക്കുമ്പോഴും പിന്നോട്ട് പോകാൻ ഒരുക്കമല്ലെന്ന് സൂചിപ്പിക്കുന്നതാണ് കെസിആറിന്റെ ഇപ്പോഴത്തെ നടപടി.
കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു സ്റ്റാലിനുമായി കെസിആർ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്. എന്നാൽ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കുകളുണ്ടെന്നും ഇപ്പോൾ കൂടിക്കാഴ്ച സാധ്യമല്ലെന്നുമായിരുന്നു സ്റ്റാലിന്റെ മറുപടി.
ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചയ്ക്ക് അവസരം തേടി ചന്ദ്രശേഖർ റാവു വീണ്ടും സ്റ്റാലിനുമായി ബന്ധപ്പെട്ടത്. ക്ഷേത്ര ദർശന ഭാഗമായി തമിഴ്നാട്ടിൽ എത്തുന്നുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് താത്പര്യം ഉണ്ടെന്നുമാണ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് സഖ്യത്തിലുള്ള ഡിഎംകെ ഇതുവരെ ചർച്ചയ്ക്ക് അനുകൂല നിലപാട് അറിയിച്ചിട്ടില്ല.


