മുന്‍ കേന്ദ്ര മന്ത്രിയും ജെഡിയു മുന്‍ പ്രസിഡന്റുമായ ശരദ് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ്. ട്വിറ്ററിലൂടെയാണ് മകള്‍ സുഭാഷിണി അദ്ദേഹത്തിന്റെ മരണ വിവരം പുറത്ത് വിട്ടത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവായിരുന്നു.
ഏഴു തവണ ലോക്സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും ജെഡിയുവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003-ല്‍ ജനതാദള്‍ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം. ബിഹാറില്‍ ജനതാദള്‍ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടര്‍ന്ന് ശരദ് യാദവ് ലോക്താന്ത്രിക് ജനതാദള്‍ രൂപീകരിച്ചു.
തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് അയോഗ്യനാക്കുകയും പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ലോക് തന്ത്രിക് പാര്‍ട്ടിയെ പിന്നീട് ആര്‍ജെഡിയില്‍ ലയിപ്പിച്ചു.
1974ല്‍ ജബല്‍പ്പൂരില്‍ നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന് നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പൊതുരംഗം പ്രവേശനം. 2005 മുതല്‍ 2017 വരെ ജനതാദള്‍ (യുണൈറ്റഡ്) പാര്‍ട്ടിയുടെ നേതാവായിരുന്നു ശരത് യാദവ്.


