തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്ന് മുതല്‍. ഈ മാസം 19 വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. ഇരുപതിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും.
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 23 ആണ്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ എട്ടിനാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഡിസംബര്‍ പത്തിന് കോട്ടയം , എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ പതിനാലിനാണ് മൂന്നാം ഘട്ടം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അവസാന ഘട്ടം. ഡിസംബര്‍ 16 ന് വോട്ടെണ്ണല്‍ നടക്കും. പുതിയ ഭരണസമിതികള്‍ ഡിസംബര്‍ 23 ന് മുമ്പ് അധികാരമേല്‍ക്കും.
കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സ്ഥാനാര്‍ത്ഥിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് മാത്രമേ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. പ്രകടനമോ ജാഥയോ ആള്‍ക്കൂട്ടമോ പാടില്ല. സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം മാത്രമേ പാടൂള്ളുവെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്ക് കോവിഡാണെങ്കില്‍ നിര്‍ദ്ദേശിക്കുന്ന ആള്‍ക്ക് പത്രിക സമര്‍പ്പിക്കാം.


