കല്‍പ്പറ്റ: പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. കൈയാങ്കളിയില്‍ വയനാട് ഡി സി സി പ്രസിഡന്റ് അപ്പച്ചനും ജനറല്‍ സെക്രട്ടറി ഒ ആര് രഘുവിനും പരുക്കേറ്റു. മുള്ളന്‍കൊല്ലി പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്ക വികസന സെമിനാറിനിടെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെയും ജനറല്‍ സെക്രട്ടറി ഒ ആര് രഘുവിനെയും മര്‍ദിച്ചത്.
ഡി സി സി പ്രസിഡന്റിന്റെ മുഖത്തും വയറിലും അടിക്കുകയായിരുന്നു. മര്‍ദനമേറ്റ് നിലത്ത് മറിഞ്ഞ് വീണ പ്രസിഡന്റിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സെക്രട്ടറി ഒ ആര് രഘുവിനും മര്‍ദനത്തില്‍ പരുക്കേറ്റു. പ്രദേശത്ത് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. രഘു മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നേരത്തേ മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ്സിലുണ്ടായ വിഭാഗീയത പരിഹരിക്കാന്‍ വയനാട് ഡി സി സി ഓഫീസില്‍ നടന്ന യോഗത്തിലും തര്‍ക്കം ഉണ്ടായിരുന്നു.