തൃശ്ശൂര്‍: കേരളത്തിന്റെ വികസനം കോണ്‍ഗ്രസിനെക്കൊണ്ടും കമ്മ്യൂണിസ്റ്റിനെക്കൊണ്ടും സാധ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല, എന്നാണ് തീയണക്കാന്‍ സാധിക്കുകയെന്നും അമിത് ഷാ ചോദിച്ചു..2024 ല്‍ നരേന്ദ്ര മോദിക്ക് ഒരിക്കല്‍ കൂടി അവസരം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ച് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ബിജെപിയുടെ ജനശക്തി റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി മോദി രാജ്യത്തെ സേവിക്കുന്നു. കഴിഞ്ഞ 70 വര്‍ഷം കൊണ്ട് നടക്കാത്ത വികസനം ഈ കാലയളവില്‍ നടന്നു. നമ്മുടെ സമ്പദ് വ്യവസ്ഥ അഞ്ചാം സ്ഥാനത്തേക്ക് വളര്‍ന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാക്കിസ്ഥാന് നിന്നുള്ള തീവ്രവാദികള്‍ പട്ടാളക്കാരുടെ തലവെട്ടി മാറ്റുമായിരുന്നു. മോദി വന്നതിന് ശേഷം അവിടെ പോയി തിരിച്ചടി നല്‍കിയെന്നും അമിത് ഷാ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കഴിഞ്ഞത് മോദി സര്‍ക്കാര്‍ ചെയ്ത പ്രധാന കാര്യമാണ്. എന്നാല്‍ ഈ നടപടിയെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും സ്വാഗതം ചെയ്തില്ല.തീവ്രവാദികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ കമ്മൂണിസ്റ്റിനെയും കോണ്‍ഗ്രസിനെയും മാറി മാറി തിരഞ്ഞെടുക്കുന്നു. ലോകം കമ്മ്യൂണിസ്റ്റിനെയും രാജ്യം കോണ്‍ഗ്രസിനെയും നിരാകരിച്ചതാണ്. 2024 ല്‍ കേരളത്തില്‍ ബിജെപിക്ക് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്യുണിസ്റ്റും കോണ്‍ഗ്രസും ത്രിപുരയില്‍ ഒരുമിച്ച് നില്ക്കുന്നു. കേരളത്തില്‍ ഇവര്‍ പരസ്പരം തല്ലുന്നു. നിലനില്‍പ്പിന് വേണ്ടിയാണ് ഇവര്‍ ത്രിപുരയില്‍ ഒരുമിച്ചത്. കോണ്‍ഗ്രസുകാര്‍ രാജ്യത്തെ പാതാളം വരെ താഴ്ത്തിയെന്നും മോദി രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയെന്നും അമിത് ഷാ പറഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാര്‍ കേരളത്തിന് വേണ്ടി എന്താണ് ചെയ്തത്. യുപിഎ സര്‍ക്കാര്‍ നികുതിയിനത്തില്‍ 45900 കോടി രൂപയാണ് കേരളത്തിന് നല്‍കിയതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
കേരളം ലൈഫ് മിഷന് അഴിമതിയില്‍ മുങ്ങി. കേരളത്തിന്റെ മുഖ്യമന്ത്രി ജനങ്ങളോട് ഇതിന് മറുപടി പറയണം.സ്വര്‍ണക്കടത്ത് കേസിലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് മൗനം പാലിക്കുന്നു.ഈ കേസില്‍ ജനങ്ങള്‍ വെറുതെ വിടില്ല, 2024 ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


