മുംബയ്: ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ച് ശിവസേനാ മുഖപത്രമായ സാമ്ന. വോട്ടിംഗ് മെഷീനും ’പൊള്ളയായ ആത്മവിശ്വാസ’വുമുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലുംവരെ ’താമര’ വിരിയുമെന്നാണ് പരിഹാസം. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രൂക്ഷ വിമര്‍ശനമുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യത്തിന് ബി.ജെ.പി. ശ്രമം തുടരുന്നതിനിടെയാണ് വിമര്‍ശനം.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം എന്തുകൊണ്ട് പാലിക്കാന്‍ കഴിഞ്ഞില്ല? എന്നചോദ്യത്തിനൊപ്പം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിനുപകരം ധാര്‍ഷ്ട്യമാണ് ബി.ജെ.പി. നേതാക്കളില്‍ കാണുന്നതെന്നും മുഖപ്രസംഗം പറയുന്നു. 24,000 അദ്ധ്യാപക തസ്തികകളാണ് മഹാരാഷ്ട്രയില്‍ ഒഴിഞ്ഞുകിടക്കുന്നത്. കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. എന്നാല്‍ ഭരിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പു വിജയത്തില്‍ മാത്രമാണ് ആശങ്കയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.


