അഹമ്മദാബാദ്: 2002-ലെ ഗുജറാത്ത് കലാപം അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട്ടിന്റെ അന്തിമപകർപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ്. ഗുജറാത്ത് എഡിജിപി ആയിരുന്ന ആർ ബി ശ്രീകുമാർ നൽകിയ മൊഴികൾ സംശയകരമെന്ന് പറയുന്ന കമ്മീഷൻ റിപ്പോർട്ട്, ഗുജറാത്ത് കലാപത്തിൽ മോദി ഒത്താശ ചെയ്തെന്ന് കാട്ടി സത്യവാങ്മൂലം നൽകിയ സഞ്ജീവ് ഭട്ട് പറയുന്നതെല്ലാം കള്ളമായിരുന്നെന്നും പറയുന്നു.
മോദിക്കും അന്ന് മന്ത്രിസഭയിലുണ്ടായിരുന്ന ആർക്കും, കലാപത്തിൽ നേരിട്ട് പങ്കില്ലെന്നും അവർക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് കമ്മീഷന്റെ കണ്ടെത്തൽ. അന്ന് സംസ്ഥാനസർക്കാർ കലാപം നിയന്ത്രിക്കാനുള്ള എല്ലാ നടപടികളുമെടുത്തെന്നും നാനാവതി കമ്മീഷൻ റിപ്പോർട്ടിന്റെ അന്തിമപകർപ്പിൽ പറയുന്നു. ജസ്റ്റിസ് നാനാവതി – ജസ്റ്റിസ് മെഹ്ത എന്നിവരടങ്ങിയ രണ്ടംഗകമ്മീഷൻ ഈ അന്തിമറിപ്പോർട്ട് 2014 നവംബർ 18-ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദി ബെൻ പട്ടേലിന് നൽകിയതാണ്. അത് ഇത്രയും കാലം സർക്കാർ തടഞ്ഞു വച്ചിരിക്കുകയായിരുന്നു.
ഗുജറാത്ത് സർക്കാർ പകർപ്പ് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ഗോധ്രയിൽ കർസേവകർ സഞ്ചരിച്ചിരുന്ന തീവണ്ടിക്ക് തീ കൊളുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി അരങ്ങേറിയ സംഘർഷത്തിലും വർഗീയകലാപത്തിലും ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസുകളാണ് ജസ്റ്റിസ് നാനാവതി കമ്മീഷൻ അന്വേഷിച്ചത്.


