വയനാട്: സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിന്റെ ബാധ്യത തദ്ദേശസ്ഥാപനങ്ങളില്‍ കെട്ടിവെക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ബജറ്റ് വിഹിതം അനുവദിക്കാത്തതിനെ തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങള്‍ നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് പരിഹാരം കാണാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ ലോക്കല്‍ ഗവണ്മെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഒപ്പു മതിലിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് പടിഞ്ഞാറത്തറയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം അനുവദിക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിര്‍വഹിക്കാന്‍ സാധിക്കാത്ത സര്‍ക്കാറിന് അധികാരത്തില്‍ തുടരുന്നതിനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതത്തില്‍ 2928 കോടി രൂപയാണ് സര്‍ക്കാര്‍ തടഞ്ഞത്. ഇത് മൂലം നടപ്പു വര്‍ഷത്തെ ഭൂരിഭാഗം പദ്ധതികളും വെട്ടിച്ചുരുക്കേണ്ട അവസ്ഥയിലാണുള്ളത്. ഇതിനെതിരെ തദ്ദേശസ്ഥാപന തലങ്ങളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
എല്‍ ജി എം എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എം മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ ഷറഫുദ്ദീന് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്, ഭാരവാഹികളായ റസാക്ക് കല്‍പ്പറ്റ, കെ ഹാരിസ്, എല്‍ ജി എം എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജാസര്‍ പിണങ്ങോട്, സി ഇ ഹാരിസ്, കെ ബി നസ്മ, ഉസ്മാന് കാഞ്ഞായി , കെ കെ അസ്മ , പി എ ജോസ് പ്രസംഗിച്ചു. എം പി ഷംസുദ്ദീന് സ്വാഗതവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ബാലന് നന്ദിയും പറഞ്ഞു.