കേരള രാഷ്ട്രീയ ചരിത്രത്തില്‍ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു കെ.ആര്. ഗൗരിയമ്മയുടേത്. ഒളിവു ജീവിതവും, ജയില്‍വാസവും, കൊടിയ പീഡനങ്ങളും കടന്ന് കേരളത്തിന്റെ വിപ്ലവ നായികയായി ഗൗരിയമ്മ മാറി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെ ആര് ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയാല്‍ അപൂര്‍ണ്ണമാണ് കേരള രാഷ്ട്രീയ ചരിത്രം. പോരാളിയെന്ന വിളിപ്പേരിനെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയ ജീവിതം.
കനല്‍വഴികളിലൂടെ സഞ്ചരിച്ചതിനാലാകണം കാര്‍ക്കശ്യക്കാരിയായ അമ്മയുടെ മനസ്സായിരുന്നു കെ.ആര്. ഗൗരിയമ്മയ്ക്ക്. സി.പി.എമ്മിനോട് കലഹിച്ച് പുറത്തു പോയതോടെ ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിച്ചെന്നായിരുന്നു പലരും കരുതിയത്. ആ അവസ്ഥയില്‍ നിന്നുയിര്ത്തെഴുനേറ്റ് വീണ്ടും കേരള രാഷ്ട്രീയത്തിന്റെ മുന്നണിയില്‍ത്തന്നെ പതിറ്റാണ്ടുകള്‍ തുടരാനായത് ആ മനഃശക്തിയുടെ ബലം കൊണ്ടുമാത്രം.
പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തില്‍ ജ്വലിച്ച് നിന്ന വിപ്ലവ നക്ഷത്രമായിരുന്നു കെ ആര് ഗൗരി. 13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, ഭൂപരിഷ്കരണ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി കേരളത്തിന്റെ തലവര മാറ്റിയെഴുതിയ ഇടപെടലുകള്‍ക്ക് ഗൗരിയമ്മ തുടക്കമിട്ടു.

കരയാത്ത ഗൗരീ, തളരാത്ത ഗൗരീ, കലികൊണ്ടുനിന്നാല്‍ അവള് ഭദ്രകാളീ.. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ഗൗരി എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം. ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം. ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍ ഒരുകാവു തീണ്ടാം. എന്ന് പറഞ്ഞുകൊണ്ടാണ് കവിത അവസാനവരികളിലേക്ക് കടക്കുന്നത്. 1994 ല്‍ കെ.ആര്. ഗൗരിയെ സി.പി.എം പുറത്താക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പൊതുവെ അധികം രാഷ്ട്രീയം പറയാത്ത ചുള്ളിക്കാടിന്റെ ഈ രാഷ്ട്രീയ കവിത അച്ചടിച്ചു വന്നത്. പക്ഷേ ഗൗരിയമ്മ കൊടിതാഴെ വച്ചില്ല. മതിയാക്കിയുമില്ല. കൊടുങ്ങല്ലൂരില്‍ പോയി കാവുതീണ്ടിയുമില്ല. രാഷ്ട്രീയത്തില്‍ത്തന്നെ തുടര്‍ന്നു. വീണ്ടും എം.എല്‍.എയും മന്ത്രിയുമായി. അതായിരുന്നു അവരുടെ അസ്തിത്വം. ഒരുപക്ഷേ പാര്‍ട്ടിപോലും പിടികൊടുക്കാത്ത അപൂര്‍വ വ്യക്തിത്വം.
ഗൗരിയമ്മ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പുതിയ ബദല്‍ രാഷ്ട്രീയം സ്വപ്നം കണ്ട് ഏറെപ്പേര്‍ ഒപ്പമെത്തി. ജെ.എസ്.എസ് എന്ന പ്രസ്ഥാനം ക്രമേണ ശിഥിലമായതിന് കാരണവും ഗൗരിയമ്മയുടെ ഇതേ വ്യക്തിത്വം
അവസാന കാലത്ത് വീണ്ടും ഇടതുപക്ഷ നിലപാടുകളിലേക്ക് ഗൗരിയമ്മ മടങ്ങുന്നതാണ് കണ്ടത്. ഇരുപതു വര്‍ഷത്തിന് ശേഷം എ.കെ. ജി സെന്ററിന്റെ മുറ്റത്ത് വന്നിറിങ്ങിയ അവര്‍ എ.കെ. ജി ഹാളിലേക്ക് മെല്ലെ നീങ്ങി. സ്വീകരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും. പിണറായി തന്നെ സഖാവിനെ വേദിയിലേക്ക് കൈപിടിച്ചുകയറ്റി. ഇതും ചരിത്രത്തിന്റെ അപൂര്‍വ നിമിഷം. മടങ്ങാന്‍ നേരം പാര്‍ട്ടി ആസ്ഥാനത്തേയ്ക്ക് മുഖ്യമന്ത്രി ക്ഷണം. പതിറ്റാണ്ടുകള്‍ക്ക് ശേഷം പാര്‍ട്ടി ആസ്ഥാനത്തെയതിനെക്കുറിച്ച് ഗൗരിയമ്മയോട് നേരിട്ട് ചോദിച്ചപ്പോഴും അതേ കാര്‍ക്കശ്യം. നിയമസഭയിലും പുറത്തും പതിറ്റാണ്ടുകള്‍ ചെലവഴിച്ച തലസ്ഥാനത്ത് നിന്ന് മടങ്ങുന്നതും കാലത്തെ അതിജീവിച്ച ഉള്‍കരുത്തോടെ

ചേര്‍ത്തലയിലെ പട്ടണക്കാട്ട് കളത്തിപ്പറമ്പില്‍ കെ എ രാമന്, പാര്‍വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 ന് ജനനം. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും, സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജില്‍ നിന്നു നിയമ ബിരുദവും നേടി. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി.
നിയമബിരുദം നേടിയ ശേഷം അഭിഭാഷക ജീവിതം തുടങ്ങും മുന്‍പായിരുന്നു ഗൗരിയമ്മയുടെ രാഷ്ട്രീയപ്രവേശം. 1948 ല്‍ തിരു- കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1952 ലും 54 ലും തിരുകൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരള രൂപീകരണത്തിനുശേഷം 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ റവന്യു മന്ത്രിയായിരുന്നു കെ ആര് ഗൗരി. അതേ മന്ത്രിസഭയില്‍ അംഗമായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇരുവരും രണ്ടു ചേരികളിലായി. ഗൗരിയമ്മ സിപിഎമ്മിനൊപ്പം ഉറച്ചുനിന്നു. ടിവി സിപിഐക്കൊപ്പവുമായിരുന്നു. തുടര്‍ന്ന് ഇരുവരും പിരിഞ്ഞു.
പതിനേഴ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ മാത്രമാണു പരാജയമറിഞ്ഞത്.


