ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ശരത് പവാര്‍. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വെറ്ററന്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് പവാര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയാണെന്ന് ശരത് പവാര്‍ 2012 ല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന നല്കി അടുത്തിടെ അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. തെക്ക്പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ മാധാ മണ്ഡലത്തില്‍നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടി നടത്തുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ സിറ്റിംഗ് എംപി അദ്ദേഹത്തിനായി സീറ്റ് ഒഴിഞ്ഞുകൊടുക്കാനും തയാറായി. ഇതോടെയാണ് പവാര്‍ വീണ്ടും മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായത്.
എന്നാല്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മത്സരിക്കാനില്ലെന്ന വിവരം പവാര്‍ തന്നെ വെളിപ്പെടുത്തുകയായിരുന്നു. കുടുംബത്തില്‍നിന്നുള്ള സമ്മര്‍ദമാണ് പിന്മാറാനുള്ള കാരണമെന്നാണ് സൂചന. കുടുംബത്തില്‍നിന്ന് രണ്ടു പേര് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. മത്സരരംഗത്തുനിന്നും മാറിനില്‍ക്കാനുള്ള നല്ല അവസരമാണിതെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയ്ക്കു അവസരം നല്‍കണമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരത് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെ ഇത്തവണയും മത്സരിക്കുന്നുണ്ട്. കൊച്ചുമകന് പാര്‍ഥ് പവാറും (അജിത് പവാറിന്റെ മകന്) മത്സരരംഗത്തുണ്ട്.


