ആലപ്പുഴ: എസ്.ഡി.പി.ഐ നേതാക്കളുമായി ബന്ധമുണ്ടെന്ന പരാതിയില്‍ സിപിഎം പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയെമാറ്റി. ആലപ്പുഴയിലെ ചെറിയനാട് ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദിന് പകരം കെഎസ് ഗോപിനാഥന് ചുമതല നല്കി.
കഴിഞ്ഞ ലോക്കല്‍ സമ്മേളന കാലം മുതല്‍ ചെറിയനാട് സിപിഎമ്മിനുള്ളില്‍ വിഭാഗീയത രൂക്ഷമായിരുന്നു. ഇതേ തുടര്‍ന്നാണ് ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദിന് എസ്ഡിപിഐ ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു വിഭാഗം പരാതി നല്‍കിയത്. എസ്ഡിപിഐ നേതാവ് കൂടി പങ്കാളിയായ ഷീദിന്റെ ബിസിനസ് ചൂണ്ടിക്കാട്ടി നല്കിയ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തി. എന്നാല്‍ പിന്നീട് കഴമ്പില്ലെന്ന് കണ്ടെത്തി. ഇതില്‍ പ്രകോപിതരായി പാര്‍ട്ടിയിലെയും വര്‍ഗ ബഹുജന സംഘടനകളിലെയും 52 പേര് രാജിവെച്ചു.
കൂടുതല്‍ രാജിഭീഷണി ഉണ്ടായതോടെയാണ് പരാതിയിന്മേല് സിപിഎം നേതാക്കള്‍ ഇപെട്ട് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചത്. ഷീദ് മുഹമ്മദിനോട് നിര്‍ബന്ധിതമായി അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയും ലോക്കല്‍ സെക്രട്ടറിയായി കെ എസ് ഗോപിനാഥിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഷീദിനെതിരെ അച്ചടക്ക നടപടി ഉണ്ടായിട്ടില്ലെന്നും ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചതെന്നുമാണ് സിപിഐഎം നേതാക്കള്‍ നല്കുന്ന വിശദീകരണം.


