തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയര്‍ പികെ രാജുവിന് മികച്ച ജനപ്രതിനിധിയ്ക്കുള്ള ചാച്ചാജി പുരസ്കാരം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണാര്‍ത്ഥം ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റിയാണ് പുരസ്കാരം നല്‍കുന്നത്.
പി.എം ഹുസൈന് ജിഫ്രിതങ്ങള് ചെയര്‍മാനും, എം.എന്‍.ഗിരി, ഷമീജ് കാളികാവ്, അഡ്വ.എ.കെ.ആഷിര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറി കമ്മിറ്റിയാണ് പികെ രാജുവിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. സാമൂഹ്യ- കലാ-സാംസ്കാരിക രംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്ക് നല്കുന്ന പുരസ്കാരമാണ് ചാച്ചാജി പുരസ്കാരം.
അമര്‍ഷാന്‍ (ജീവകാരുണ്യ പ്രവര്‍ത്തനം), ഡോ. ഷാഹുല്‍ഹമീദ് (വിദ്യാഭ്യാസ മേഖല), ഒ.ബഷീര്‍ (ഗ്രാമീണ ശാക്തീകരണം), അലിക്കുട്ടി. പി. എ (അധ്യാപകന്), റമീസ് പാപ്പിനിശ്ശേരി (ആതുരസേവനം), എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കള്‍.
നെഹ്റുവിന്റെ നൂറ്റിമുപ്പത്തിമൂന്നാം ജന്മദിനമായ നവംബര്‍ 14 ന് ഉച്ചക്ക് 12 ന് തിരുവനന്തപുരത്ത് ഹോട്ടല്‍ റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി അഡ്വ. ജി.ആര്. അനില്‍ പുരസ്കാര സമര്‍പ്പണം നടത്തുമെന്ന് ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് പൂവച്ചല്‍ സുധീറും സെക്രട്ടറി കുന്നത്തൂര്‍ ജെ പ്രകാശും അറിയിച്ചു.


