കെസി വേണുഗോപാല്‍ ഇടപെട്ടു; രാഹുല്‍ ഗാന്ധി ഗെഹ്ലോട്ടിനെ വിളിച്ചു;ജയ്പൂരില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഒരുങ്ങി!
ജയ്പൂര്‍: ലോക്ക്ഡൌണിനെതുടര്ന്ന് ജയ്പൂരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ഇടപെടലില്‍ യാത്രാ സൗകര്യമൊരുങ്ങി. 27 മലയാളി വിദ്യാര്‍ഥികളാണ് താമസസൗകര്യവും യാത്രയും മുടങ്ങി ഇവിടെ കുടുങ്ങിയത്. ഇവര്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ ക്വാറന്റെയ്ന് കേന്ദ്രമാക്കിയതോടെയാണ് ഇവര്‍ക്ക് താമസിക്കുന്നതിന് വേറെ സൗകര്യം ഇല്ലാത്ത സാഹചര്യം ഉണ്ടായത്. ഇവരെ തിരികെ കേരളത്തില്‍ എത്തിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം ഇവരെ നാട്ടില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ചില രക്ഷിതാക്കളില്‍നിന്നും വിവരമറിഞ്ഞ കോണ്‍ഗ്രസ് നേതാവ് അനില്‍ ബോസ്, സംഭവം എഐസിസി ജെനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അറിയിക്കുകയായിരുന്നു. കെസി വേണുഗോപാല്‍ ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിക്കുകയും ചയ്തു. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി രാഹുല്‍ഗാന്ധി ബന്ധപെടുകയും ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കുന്നതിനും ഇവരെ തിരികെ കേരളത്തില്‍ എത്തിക്കുന്നതിനും എത്രയും പെട്ടന്ന് നടപടി എടുക്കണമെന്ന് ആവശ്യപെടുകയും ചെയ്തു. പിന്നാലെ കെസി വേണുഗോപാലിനെ ഫോണില്‍ വിളിച്ച് രാജസ്ഥാന് മുഖ്യമന്ത്രി കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളുടെ വിവരം ശേഖരിക്കുകയും ഇവര്‍ക്ക് കേരളത്തിലേക്ക് യാത്രയ്ക്കായി ബസ് അനുവദിക്കാമെന്ന് അറിയുക്കുകയും ചെയ്തു. ബസ് അനുവദിച്ച രാജസ്ഥാന് മുഖ്യമന്ത്രി ഇവര്‍ക്കായുള്ള എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടം മലയാളിയായ പോലീസ് ഉദ്യോഗസ്ഥന് ഐജി ബിജു ജോര്‍ജ് ജോസഫിനെ ഏല്‍പ്പിക്കുകയും ചെയ്തു.
ബസില്‍ യാത്ര തിരിക്കുന്നതിനായി രാജസ്ഥാന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള അനുമതികൂടി ലഭിച്ചാല്‍ ഇവര്‍ക്ക് ജെയ്പൂരില്‍ നിന്നും യാത്രതിരിക്കാനാകും. കെസി വേണുഗോപാലിനെ കോണ്‍ഗ്രസ് നേതൃത്വം രാജസ്ഥാനില്‍ നിന്ന് രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരിന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.


