ചണ്ഡീഗഡ്: ചണ്ഡീഗഢില്‍ വീണ്ടും കിരണ്‍ ഖേറിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ ബിജെപിയുടെ പഞ്ചാബ് ഘടകത്തില്‍ കടുത്ത ഭിന്നതയെന്ന് റിപ്പോര്‍ട്ട്. അവസാന നിമിഷം സിറ്റിങ് എം.പിയായ കിരണ്‍ ഖേറിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയ ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിലാണ് ഭിന്നത. ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2014 ല്‍ മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പവന് കുമാര്‍ ബന്‍സലിനെ അട്ടിമറിച്ചാണ് കിരണ്‍ ഖേര്‍ മണ്ഡലം പിടിച്ചെടുത്തത്.എന്നാല്‍ ഇത്തവണ കിരണിനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ നടന്നു.ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ടണ്ടണിന്റെ കടുത്ത എതിര്‍പ്പ് മറികടന്ന് അവസാന നിമിഷം ദേശീയ നേതൃത്വം കിരണിനെ സ്ഥാനാനാര്ഥിയാക്കുകയായിരുന്നു.
ഇത്തവണയും പവന് കുമാര്‍ ബന്‍സല്‍ തന്നെയാണ് കിരണിന്റെ എതിരാളി. പക്ഷെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വലിയ എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തില്‍ കിരണിന്റെ തിരഞ്ഞെടുപ്പ് പ്രചരണം അനിശ്ചിതത്വത്തിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടി.വി ക്യാമറകള്‍ക്ക് മുന്നില്‍ ഒരു വോട്ടര്‍ 2014ലെ പ്രകടനപത്രിക വെച്ച് കിരണിനെ ചോദ്യം ചോദ്യം ചെയ്യുകയും വാഗ്ദാനങ്ങള്‍ പാലിച്ചോ എന്ന് ആരായുകയും ചെയ്തത് വലിയ ചര്‍ച്ചക്ക് വഴി വെച്ചിരുന്നു .


