വര്‍ക്ക് മാണ്ഡ്യ: കര്‍ണാടകയിലെ സ്വതന്ത്ര എംപിയും നടിയുമായ സുമലത ബിജെപിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മൈസൂരു-ബെംഗളൂരു എക്സ്പ്രസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനു മുമ്പാണ് സുമലത രാഷ്ട്രീയ നിലപാട് അറിയിച്ചത്. ലോകമെമ്പാടും പ്രശംസിക്കപ്പെടുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തെ കണക്കിലെടുത്താണ് തീരുമാനമെന്നും അഭ്യുദയകാംക്ഷികളോടും അനുഭാവികളോടും കൂടിയാലോചിച്ച ശേഷമാണ് നിലപാട് പ്രഖ്യാപനമെന്നും സുമലത പറഞ്ഞു.
സുമലതയുടെ വാക്കുകള്‍: നാലു വര്‍ഷം സ്വതന്ത്ര എംപിയായി പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടു. പൊതുയോഗങ്ങള്‍ നടത്തുന്നതിലും തടസ്സങ്ങള്‍ നേരിട്ടിരുന്നു. ഇതോടെ ഒരു പിന്തുണ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും സുമലത പറഞ്ഞു. ഉദ്ഘാടനം ചെയ്യാന്‍ മൈസൂരുവിലോ ബെംഗളൂരുവിലോ പ്രധാനമന്ത്രിക്ക് പോകാമായിരുന്നു. എന്നാല്‍ മാണ്ഡ്യയില്‍ എത്തിയത് ജില്ലയുടെ വികസനം ലക്ഷ്യമിട്ടാണെന്നും എംപി വ്യക്തമാക്കി. മാണ്ഡ്യ മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുമലത ഇതുവരെയും നിക്ഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്.


