പിസി ചാക്കോയുടെ രാജിയില്‍ ദുഃഖം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. ‘പിസി ചാക്കോയുടെ ആരോപണത്തെ കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല. വല്ലാത്ത ദുഃഖമാണ് തോന്നുന്നത്. കൂടുതലൊന്നും പറയുന്നില്ല.’ വിഎം സുധീരന് പ്രതികരിച്ചു.
ഇന്ന് ഉച്ചയോടെയാണ് പിസി ചാക്കോ കോണ്‍ഗ്രസ് വിടുന്നതായി അറിയിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ അപചയമാണ് രാജിക്ക് കാരണമെന്ന് വ്യക്തമാക്കി കൊണ്ടാണ് പിസി പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചത്. അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ച് പിസി മുതല്‍ കൂട്ടായിരുന്നുവെന്നായിരുന്നു ഹൈബി ഈഡന് എംപിയുടെ പ്രതികരണം. ‘മുതിര്‍ന്ന നേതാവായ പിസി ചാക്കോയ്ക്ക് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം മികച്ച അവസരങ്ങള്‍ നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ വിലപ്പെട്ട സമ്പാദ്യമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമൂഖീകരിക്കുന്ന സാഹചര്യത്തില്‍ രാജി ഒരു മികച്ച തീരുമാനമായി കരുതുന്നില്ല.’ എന്നായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം.
രാജി അറിയിച്ചുകൊണ്ടുള്ള പിസി ചാക്കോയുടെ പ്രതികരണം ഇങ്ങനെ:
കേരളത്തിന്റെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അപചയമാണ് പാര്‍ട്ടി വിടാന്‍ കാരണം. ദീര്‍ഘകാലമായി കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് പരിഹാരമുണ്ടാവാന്‍ വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഗ്രൂപ്പുകള്‍ക്ക് അധീതമായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് കേരളത്തിലില്ല. രണ്ട് പാര്‍ട്ടികളുള്ള ഏകോപനമാണ്. മുഴുവന്‍ സീറ്റുകളും ഒന്ന് ഐയുടേയോ എയുടെയോ സീറ്റുകളാണ്. ഐയുടെ സീറ്റില്‍ അവരുടെ ആളുകളും എയുടെ സീറ്റില്‍ അവരുടെ ആളുകളും മത്സരിക്കുന്നു.
കോണ്‍ഗ്രസിന്റെ നടപടി ക്രമം അനുസരിച്ച് പ്രദേശ് ഇലക്ഷന് കമ്മിറ്റിയില്‍ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് വെക്കണം. അത് ചര്‍ച്ച നടത്തി സ്ക്രീനിംഗ് കമ്മിറ്റിക്ക് അയക്കും. എന്നാല്‍ ഇത്തവണ പേരുകളെല്ലാം ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും മനസിലാണ്. പ്രദേശ് ഇലക്ഷന് കമ്മിറ്റിയുടെ ലിസ്റ്റ് വെക്കാതെയാണ് സ്ക്രീനിംഗ് കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
വിഎം സുധീരനും ഞാനുമെല്ലാം നിരന്തരം ഇതിനെകുറിച്ച് ഹെക്കമാന്റിനോട് പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെ നിരുത്സാഹപ്പെടുത്താനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. ഒരു ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനം ഒരു പാര്‍ട്ടിയിലും ഉണ്ടായിട്ടില്ല. വിജയ സാധ്യത മാനദണ്ഡമാക്കി വെക്കുന്നതിന് പകരം ഗ്രൂപ്പുകള്‍ സീറ്റുകള്‍ വീതിച്ചെടുക്കുന്ന നിര്‍ഭാഗ്യകരമായ ഒരു സാഹചര്യത്തിനാണ് ഹൈക്കമാന്റ് അംഗീകാരം കൊടുക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജി.


