കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ അടയ്ക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വാരാന്ത്യ, രാത്രികാല കര്‍ഫ്യൂവും തത്ക്കാലം ഇല്ല. പൊതു സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കാന്‍ യോഗം തീരുമാനിച്ചു. ഓഫീസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈനാക്കാനും തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അടുത്ത യോഗത്തില്‍ തീരുമാനമെടുക്കും.
വാക്സിനേഷന് ഊര്‍ജിതമാക്കും. മൂന്നാം തരംഗത്തിന് മുന്നോടിയായി ആരോഗ്യ സംവിധാനങ്ങള്‍ സജമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കും. അന്താരാഷ്ട്ര യാത്രക്കാരുടെ നിര്‍ബന്ധിത ക്വാറന്റൈനും നിരീക്ഷണവും ശക്തമാക്കും. പരിശോധനകള്‍ വ്യാപിപ്പിക്കാനും യോഗത്തില്‍ തീരുമാനം.
അതേസമയം സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്സിനേഷന് തുടക്കമായി. കോവിഡ് മുന്നണി പോരാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, 60 കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുക. കുട്ടികളുടെ കേന്ദ്രത്തില്‍ തന്നെ മറ്റുള്ളവര്‍ക്കും വാക്സിന് നല്‍കിയത് നല്‍കിയത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആശയക്കുഴപ്പമുണ്ടാക്കി.
രണ്ടാം ഡോസ് വാക്സിന് എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. വാക്സിനേഷനുള്ള ബുക്കിങ് ഞായറാഴ്ച മുതല്‍ ആരംഭിച്ചു. ഓണ്‍ലൈനായും നേരിട്ടും വാക്സിന് ബുക്ക് ചെയ്യാം.60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷം മാത്രം വാക്സിന് സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്സിന് തന്നെ സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാനും നിര്‍ദേശമുണ്ട്.


