ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടുവെന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പരസ്പരം സഹകരിച്ചാണ് ആര്‍എസ്എസും കോണ്‍ഗ്രസും കണ്ണൂരില്‍ പ്രവര്‍ത്തിച്ചതെന്നും എം വി ഗോവിന്ദന് പ്രതികരിച്ചു. സുധാകരന്റെ പ്രസ്താവന പൊതുസമൂഹം വിലയിരുത്തട്ടെ. സുധാകരന് നേരത്തെ തന്നെ ആര്‍എസ്എസ് ബന്ധമുണ്ട്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കട്ടെയെന്നും എം വി ഗോവിന്ദന് പറഞ്ഞു.
‘1969 മുതലേ ആ ബന്ധമുണ്ട്. ഇ പി ജയരാജനെതിരെ അക്രമം നടത്തിയവരില്‍ ആര്‍എസ്എസുകാരുമുണ്ട്. സുധാകരന് ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഗൂഢാലോചനയില്‍ അവര്‍ ഉപയോഗിച്ചത് ആര്‍എസ്എസുകാരെയാണെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാക്കപ്പെട്ടതാണ്. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലയെ ദത്തെടുത്ത് സിപിഐഎമ്മിനെ നശിപ്പിക്കാന്‍ തീരുമാനിച്ചു. സിപിഐഎം ആര്‍എസ്എസ് ശാഖ ആക്രമിച്ചു എന്ന് പറയുന്നത് വെള്ളപൂശലാണ്’, എം വി ഗോവിന്ദന് പറഞ്ഞു.
കണ്ണൂരില്‍ എം വി ആര് അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം ‘കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്.എസ്.എസ് ശാഖ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് ശാഖക്ക് ആളെ അയച്ചു സംരക്ഷണം നല്‍കിയിട്ടുണ്ട്. മൗലിക അവകാശങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ നോക്കി നില്ക്കാന് കഴിയാത്തത് കൊണ്ടാണ് ഇടപെട്ടതെന്നും സുധാകരന് പറഞ്ഞു.


