പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഒരു എസ്.എസ്.പിയെയും ആറ് ഐ.പി.എസ്. ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. ഫിറോസ്പൂരിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഏഴ് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.
ഫിറോസ് പൂരിലെ എസ്.എസ്.പിയായിരുന്ന ഹര്‍മന്‍ദീപ് സിങ് ഹാന്‍സിനെ ലുധിയാനയിലെ മൂന്നാം ഐ.ആര്.ബി കമാന്‍ഡന്റായാണ് സ്ഥലം മാറ്റിയത്. വാഹന വ്യൂഹം വഴിയില്‍ കുടുങ്ങിയ ദിവസം സുരക്ഷ ചുമതലയിലുള്ള ഉദ്യോഗസ്ഥന് കൂടിയായിന്നു ഹര്‍മന്‍ദീപ് സിങ്. നരീന്ദര്‍ ഭാര്‍ഗവാണ് ഫിറോസ്പൂരിലെ പുതിയ എസ്.എസ്.പി.
എസ്എസ്പി, ഡിജിപി, സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരടക്കം 13 പേര് സുരക്ഷാവീഴ്ചയെ കുറിച്ച് അന്വേഷിക്കുന്ന മൂന്നംഗ സമിതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം ഹാജരായിരുന്നു. വ്യാഴാഴ്ച മുതലാണ് സുരക്ഷാ വീഴ്ചയെ സംബന്ധിച്ച് സമാന്തര അന്വേഷണങ്ങള്‍ ആരംഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച മൂന്നംഗ സമിതിയും സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുമാണ് അന്വേഷണം നടത്തുന്നത്.
കര്‍ഷക പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ പഞ്ചാബിലെ ഹുസൈനിവാലയിലെ രക്ഷസാക്ഷി സ്മാരകത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മേല്പാലത്തിലാണ് മോദിയുടെ വാഹന വ്യൂഹം കുടുങ്ങിയത്. ഗുരുതരമായ സുരക്ഷാ വീഴ്ച എന്നാണ് ആഭ്യന്തര മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്.


