ന്യൂഡല്‍ഹി: രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രാംജേഠ് മലാനി അന്തരിച്ചു. 95 വയസായിരുന്നു. ഡല്‍ഹിയിലെ സ്വവസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളില്‍ അഭിഭാഷകനായെത്തിയ മലാനി, വാജ്പേയി മന്ത്രി സഭയില്‍ നിയമം, അര്‍ബന്‍ ഡെവലപ്മെന്റ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിഭാഷകരംഗത്തെ വിമതന് എന്ന വിളിപ്പേരുണ്ടായിരുന്ന ആളായിരുന്നു രാംജേഠ് മലാനി.
1923 സെപ്തംബര്‍ 14ന് സിന്ധ് പ്രവിശ്യയിലെ സിഖര്‍പൂറിലാണ് രാംജഠ് മലാനി ജനിച്ചത്. രാം ഭൂല്‍ചന്ദ് ജേഠ് മലാനി എന്നതായിരുന്നു മുഴുവന്‍ പേര്. സ്കൂള്‍ പഠനകാലത്തെ മികവിന്റെ അടിസ്ഥാനത്തില്‍ ഡബിള്‍ പ്രൊമോഷന് കരസ്ഥമാക്കിയ മലാനി വെറും പതിമൂന്നാമത്തെ വയസില്‍ മെട്രിക്കുലേഷന്‍ പാസായി. തുടര്‍ന്ന് പതിനേഴാം വയസില്‍ നിയമബിരുദം കരസ്ഥമാക്കുകയും തൊട്ടുത്ത വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. അന്നത്തെ കാലത്തുപോലും 21 വയസില്‍ മാത്രമേ ഒരാള്‍ക്ക് അഭിഭാഷകനാകാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ തന്റെ കാര്യത്തില്‍ പ്രത്യേകപരിഗണന ലഭിക്കുകയായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ രാംജേഠ് മലാനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


