തിരുവനന്തപുരം: കെപിസിസിയുടെ സോഷ്യല്‍ മീഡിയ ചുമതലയില്‍ നിന്നും വി ടി ബല്‍റാമിനെ ഒഴിവാക്കി. ഔദ്യോഗിക എക്സ് പേജില്‍ വന്ന ബിഹാര്‍ ബീഡി പോസ്റ്റ് വിവാദമായ സാഹചര്യത്തിലാണ് നടപടി. കെപിസിസി അധ്യക്ഷന്‍ വി ടി ബല്‍റാമിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഡിജിറ്റല്‍ മീഡിയ വിഭാഗം പുനഃസംഘടിപ്പിക്കും
നേരത്തെ വിവാദ പോസ്റ്റില്‍ കെപിസിസി നേതൃത്വത്തോട് കേന്ദ്ര നേതൃത്വം വിശദീകരണം തേടിയിരുന്നു. ഡിജിറ്റല്‍ മീഡിയ വിഭാഗത്തിനെതിരെ നടപടി എടുക്കാനും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച നേതാക്കള്‍ക്കെതിരെ ഡിജിറ്റല്‍ മീഡിയ വിഭാഗം സൈബര്‍ ആക്രമണം നടത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് നേരെയാണ് സൈബര്‍ ആക്രമണം നടന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം.
‘ബിഹാര്‍ ബീഡി’ പരാമര്‍ശത്തില്‍ പിഴവ് വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശം. വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി പ്രതിഷേധം കടുപ്പിച്ച പശ്ചാത്തലത്തിലായിരുന്നു ഹൈക്കമാന്‍ഡ് കര്‍ശന നിലപാട് സ്വീകരിച്ചത്.
ബിഹാറും ബീഡിയും തുടങ്ങുന്നത് ‘ബി’ എന്ന അക്ഷരത്തിലാണ്, ഇതാണ് ബീഡിയുടെ ജിഎസ്ടി കുറയ്ക്കാന്‍ കാരണം എന്നായിരുന്നു കെപിസിസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിലുണ്ടായിരുന്നത്. ഈ പരിഹാസ പോസ്റ്റിനെ ചൊല്ലി വലിയ വിവാദമാണ് ഉയര്‍ന്നത്. ബിഹാറിനെ അപമാനിച്ചുവെന്ന് ബിജെപി ആരോപണം ഉയത്തുകയായിരുന്നു. കോണ്‍ഗ്രസുകാര്‍ വിഡ്ഢികളെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയും വിമര്‍ശിച്ചിരുന്നു.
വോട്ട് ചോരി ആരോപണം ഉന്നയിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്ര നടത്തിയതിന് പിന്നാലെ കേരളത്തിലെ സോഷ്യല്‍ മീഡിയ വിഭാഗം വരുത്തിയ പിഴവ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ബിഹാറില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും ബിഹാര്‍ കേന്ദ്രീകരിച്ച് നടത്തുന്ന നീക്കങ്ങളുടെ മുന്‍യൊടിക്കുന്നതാണ് വിവാദ പോസ്റ്റെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. വോട്ട് ചോരി ആരോപണത്തില്‍ നിന്നും ബിഹാറിലെ രാഷ്ട്രീയ ചര്‍ച്ച വഴിമാറുന്നതിന്റെ അസ്വസ്ഥതയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. ബിഹാറിലെ ഇന്ത്യാ മുന്നണിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെയും ഈ പോസ്റ്റ് ബാധിച്ചുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.


