കൊല്ലം: ചെങ്കടലായി മാറിയ കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന് രക്തപതാക ഉയർന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിനു പുതിയ കാലത്തിന്റെ ദിശാബോധം പകർന്ന സീതാറാം യെച്ചൂരിയുടെ പേരിൽ ആശ്രാമം മൈതാനിയിൽ ഒരുക്കിയ പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തി. വ്യാഴം രാവിലെ ഒമ്പതിന് ടൗൺ ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊളിറ്റ്ബ്യൂറോ അംഗവും കോ–-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പതാക ഉയർത്തും.
ഐതിഹാസിക സമരഭൂമിയായ ശൂരനാട്ടുനിന്ന് സി എസ് സുജാതയുടെയും ജന്മിത്ത–-സാമ്രാജ്യത്വവിരുദ്ധ പോരാട്ടസ്മരണയിരമ്പുന്ന കയ്യൂർ രക്തസാക്ഷികുടീരത്തിൽനിന്ന് എം സ്വരാജിന്റെയും വീരവയലാറിൽനിന്ന് പി കെ ബിജുവിന്റെയും നേതൃത്വത്തിൽ യഥാക്രമം കൊടിമരവും ചെമ്പതാകയും ദീപശിഖയും പൊതുസമ്മേളന നഗറിൽ എത്തിച്ചു. എളമരം കരീം, പി കെ ശ്രീമതി, ടി പി രാമകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.
ജാഥകൾ സംഗമിച്ചപ്പോൾ ആവേശം അണപൊട്ടി. മൈതാനമാകെ നിറഞ്ഞ ചെങ്കൊടികൾക്കും തോരണങ്ങൾക്കുമിടയിലൂടെ വർണബലൂണുകളുടെ നൃത്തം. മുദ്രാവാക്യങ്ങൾക്കൊപ്പം കരിമരുന്ന് വർണംവിതറി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമുൾപ്പെടെ നേതാക്കളും ചുവപ്പുസേനാംഗങ്ങളുമടക്കം ആയിരങ്ങൾ ചെമ്പതാകയെ അഭിവാദ്യംചെയ്തു. കൊല്ലം ജില്ലയിൽനിന്നുള്ള 23 ദീപശിഖകളും പ്രതിനിധിസമ്മേളന നഗറിൽ എത്തിച്ചു.
വ്യാഴാഴ്ച പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വികസനരേഖ ‘നവകേരളത്തിനുള്ള പുതുവഴികൾ ’ അവതരിപ്പിക്കും. പ്രതിനിധിസമ്മേളനം ഞായർ ഉച്ചയ്ക്ക് സമാപിക്കും. വൈകിട്ട് ചുവപ്പുസേനാമാർച്ചും ബഹുജനറാലിയും.