തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് സംഘടന സംവിധാനം പോരെന്ന് നേതൃത്വത്തോട് തുറന്നുപറഞ്ഞ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു. പിണറായി വിജയന് നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിനാവുന്നില്ലെന്നും കനുഗോലു പറഞ്ഞു. കെപിസിസി രാഷ്ട്രീയ കാര്യസമിതിയിലാണ് കനുഗോലു പാര്‍ട്ടി സംഘടനയെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.
കനുഗോലു നയിക്കുന്ന ‘മൈന്‍ഡ് ഷെയര്‍ അനലിറ്റിക്സ്’ ടീം മാസങ്ങള്‍ക്ക് മുമ്പ് തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ ഓരോ ലോക്സഭ മണ്ഡലത്തിന്റെ സ്വഭാവം, നിലവിലെ എംപിയുടെ പ്രവര്‍ത്തനം, ജനങ്ങള്‍ക്ക് എംപിയോടുള്ള അഭിപ്രായം, വിജയിക്കാനുള്ള സാധ്യത എന്നിവയെ കുറിച്ച് കനുഗോലു ടീം പഠനം നടത്തിയിരുന്നു. രഹസ്യ സര്‍വേയും നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറുകയും ചെയ്തിരുന്നു. നിലവിലുള്ള എംപിമാര്‍ ഭൂരിഭാഗം പേരും മത്സരിക്കുന്നതാണ് നല്ലതെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച ചില മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിയെ മാറ്റി അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനും സാധ്യതയേറെയാണ്. കനുഗോലുവിന്റെയും എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് രാഷ്ട്രീയകാര്യസമിതി യോഗം നടന്നത്.