വിമര്‍ശനങ്ങളില്‍ പ്രതികരിക്കേണ്ടെന്ന് സംസ്ഥാന നേതാക്കളെ വിലക്കി ബി.ജെ.പി ദേശീയ നേതൃത്വം. ബി.ജെ.പി നേതൃത്വം നല്കുന്ന ജനം ടി.വിയിലെ മുന്‍ കോഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെ സി.പി.എം- ബി.ജെ.പിക്കെതിരെ ആരോപണം കടുപ്പിച്ചിരുന്നു.
സ്വപ്ന സുരേഷിന്റെ മൊഴിയാണ് ബിജെപിക്കെതിരെ സി.പി.എം ഉപയോഗിച്ചത്. ഇതുന്നയിച്ച് ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. ഇതോടെ പ്രതിരോധത്തിലായ ബി.ജെ.പി തിരിച്ചടി ശക്തമാക്കാനിരിക്കേയാണ് ദേശീയ നേതൃത്വത്തിന്റെ വിലക്ക്. ആക്ഷേപത്തെ പ്രതിരോധിച്ച് പ്രശ്നം വഷളാക്കുന്നത് ദോഷം ചെയ്യുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. വിമര്‍ശനങ്ങളില്‍ പോലും സംസ്ഥാനത്ത് വിഭാഗീയതയുണ്ടെന്ന വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ടെന്നാണ് സൂചന.
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പാര്‍ട്ടിയില്‍നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. പി.കെ. കൃഷ്ണദാസ് പക്ഷത്തിന്റെ നിസ്സഹകരണം മൂലം സംഘടന സംവിധാനം ചലിപ്പിക്കേണ്ട ബാധ്യത മുരളീധരപക്ഷത്തിന്റെ മാത്രം ഉത്തരവാദിത്തമായി ചുരുങ്ങി.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ എം.ടി. രമേശ് പൂര്‍ണമായും മാറിനില്ക്കുമ്പോള് മുരളീധരപക്ഷത്തെ സി. കൃഷ്ണകുമാറും പി. സുധീറും വേണ്ടത്ര ശോഭിക്കുന്നില്ലെന്ന ആക്ഷേപം സുരേന്ദ്രനൊപ്പമുള്ളവര്ക്കുണ്ട്.


