തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ 304A പ്രകാരം കേസെടുക്കാനും എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുണ്ടാകില്ലെന്നും തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
മാര്‍ക്കറ്റ് റോഡില്‍ 4 മാസത്തോളമായി പാലം പണി ആരംഭിച്ചിട്ട്. ഇന്നലെ പുലര്‍ച്ചെയാണ് പാലത്തിലുണ്ടായ അപകടത്തില്‍ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ പുലര്‍ച്ചെ ബൈക്കില്‍ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ വിഷ്ണുവിന് ജീവന് നഷ്ടമായി. സമീപത്തുള്ള പച്ചക്കറിക്കടയിലെ ജീവനക്കാരാണ് അപകടത്തിന്റെ ശബ്ദം കേട്ട് അപകട സ്ഥലത്തേക്ക് ഓടിയെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പൊലീസാണ് യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചത്.
പാലത്തിന്റെ ഭാഗത്ത് വേണ്ട രീതില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അപകടം ഉണ്ടാകില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തില്‍ വണ്ടികള്‍ പ്രവേശിക്കാതിരിക്കാന്‍ രണ്ട് ടാര്‍ വീപ്പകള്‍ മാത്രമാണ് വച്ചിരുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മറ്റുള്ളവരുടെ അശ്രദ്ധയാണ് മകന്റെ മരണത്തിന് കാരണമെന്ന് അപകടത്തില്‍ മരിച്ച വിഷ്ണുവിന്റെ പിതാവ് പറഞ്ഞു. ഈ അവസ്ഥ ആര്‍ക്കും സംഭവിക്കരുതെന്നും അധികൃതര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും വിഷ്ണുവിന്റെ പിതാവ് പറഞ്ഞു.


