ആവേശക്കൊടുമുടി കയറിയ പരസ്യ പ്രചാരണം അവസാനിപ്പിച്ചതോടെ മുന്നണികള്‍ക്ക് ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകളാണ്. അവസാന വോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ കളത്തില്‍ സജീവമാണ്. മണ്ഡലത്തിലെ പ്രമുഖരെ സന്ദര്‍ശിച്ച് വോട്ടുറപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും. തൊള്ളായിരത്തി അന്‍പത്തിയേഴു സ്ഥാനാര്‍ത്ഥികളുടെ വിധി നിശ്ചയിക്കാനായി സംസ്ഥാനത്തെ രണ്ടു കോടി 74 ലക്ഷം വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തുകളില്‍ എത്തും.
കര്‍ശന സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ ഇന്ന് രാവിലെ മുതല്‍ വിതരണം ചെയ്തു തുടങ്ങും. കൊവിഡ് പശ്ചാത്തലം കൂടി പരിഗണിച്ച് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കഴിഞ്ഞു.
സംസ്ഥാനത്ത് 59,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. 140 കമ്പനി കേന്ദ്രസേനയും കേരളത്തിലുണ്ട്. ഇത്രയധികം കേന്ദ്രസേന കേരളത്തില്‍ ഇതാദ്യമായാണ് എത്തുന്നത്.
ഒരുമാസത്തിലേറെ നീണ്ടുനിന്ന ആരോപണ പ്രത്യാരോപണങ്ങളുടേയും വാഗ്ദാനങ്ങളുടേയും വ്യത്യസ്ത പ്രചാരണ മാര്ഗങ്ങളുടേയുമെല്ലാം പ്രതിഫലനം വോട്ടെടുപ്പിലുണ്ടാകും. കേരളത്തിന്റെ മനസ് എങ്ങോട്ടെന്ന് അറിയാന്‍ അടുത്ത മാസം രണ്ടിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകും വരെ കാത്തിരിക്കണം.