പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച. ദേശീയ രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റര്‍ അകലെ വച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്ന റോഡില്‍ പ്രതിഷേധക്കാര്‍ തടസമുണ്ടാക്കുകയായിരുന്നു. ശക്തമായ കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചാബിലെ റാലി ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരുടെ പ്രതിഷേധത്തില്‍ മോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളം ഫ്ളൈ ഓവറില്‍ കുടുങ്ങി. കനത്ത സുരക്ഷാ വീഴ്ചയായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
പ്രോട്ടോക്കോള്‍ അനുസരിച്ച് യാത്രാ വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആവശ്യമായ നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നുമാണ് ആരോപണം. പഞ്ചാബ് സര്‍ക്കാരിനോട് യാത്രാ വിവരം പങ്കുവച്ചിട്ടും സുരക്ഷയൊരുക്കാന്‍ സാധിച്ചില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്. പഞ്ചാബ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമാണ് ആഭ്യന്തര മന്ത്രാലയം ഉയര്‍ത്തിയിരിക്കുന്നത്.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോവുന്നതിനിടയിലാണ് സുരക്ഷാ വീഴ്ച. കനത്ത മഴ മൂലം ഹെലികോപ്റ്റര്‍ യാത്ര ഉപേക്ഷിച്ച് കാറില്‍ പോവുമ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ബതിന്ദയില്‍ ഇറങ്ങിയ ശേഷം ഇരുപത് മിനിറ്റോളം കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നതിന് വേണ്ടി കാത്തിരുന്ന ശേഷമാണ് യാത്ര കാറിലാക്കാന്‍ തീരുമാനിച്ചത്.
ഫിറോസ്പൂര്‍ ജില്ലയിലെ ഹുസൈനിവാലയില്‍ സ്ഥിതി ചെയ്യുന്ന ദേശീയ രക്തസാക്ഷി മെമ്മോറിയലിലായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ബതിന്ഡ വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി റോഡ് മാര്‍ഗമാണ് ഇവിടേക്ക് യാത്ര തിരിച്ചത്. മെമ്മോറിയലില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങിയത്. സുരക്ഷാ വീഴ്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കാറില്‍ നിന്ന് വിശദീകരണം ചോദിച്ചു.
സമരത്തിനിടെ മരിച്ച കര്‍ഷകരുടെ ഓരോ കുടുംബത്തിനും ഒരുകോടി രൂപവീതം സഹായധനം അനുവദിക്കുക, അറസ്റ്റിലായ കര്‍ഷകരെ മോചിപ്പിക്കുക, ലഖിംപുര്‍ സംഭവത്തില്‍ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. ഫിറോസ്പൂര്‍ ജില്ലയില്‍ പതിനായിരത്തോളം സുരക്ഷാഭടന്മാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പഞ്ചാബിലെത്തുന്ന മോദി 42,750 കോടിയുടെ പദ്ധതികള്‍ക്കായിരുന്നു തറക്കല്ലിടേണ്ടിയിരുന്നത്.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമാക്കി.


