വിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ കത്ത്. ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പിനെയും മുന്‍ ആര്‍ച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം.
മന്ത്രിതല സമിതിയുടെ ചര്‍ച്ചകള്‍ കൊണ്ട് പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് കരുതാനാകില്ല. ഈ സാഹചര്യത്തില്‍ വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാന്‍ സമര സമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്നും വിഡി സതീശന് ആവശ്യപ്പെട്ടു.
കത്തിന്റെ പൂര്‍ണരൂപം:
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ സമരം തുടങ്ങിയിട്ട് മൂന്നാഴ്ചയായി. തിങ്കളാഴ്ച മുതല്‍ മുല്ലൂരിലെ സമര കവാടത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോയുടേയും മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തിന്റേയും നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിക്കുകയാണ്. ബിഷപ്പുമാരേയും അല്മായരേയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തു തീര്‍പ്പാക്കാന്‍ മന്ത്രി തല സമിതി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മന്ത്രിതല സമിതിയുടെ ചര്‍ച്ചകള്‍ കൊണ്ട് പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് കരുതാനാകില്ല. ഈ സാഹചര്യത്തില്‍ സമര നേതൃത്വവുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുകയാണ് അഭികാമ്യം. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കുന്നതിന് സമര നേതൃത്വവുമായി എത്രയും വേഗം മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു.
അതേസമയം വിഴിഞ്ഞം തുറമുഖത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ വീണ്ടും സര്‍ക്കുലര്‍ വായിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് സര്‍ക്കുലറിലെ ആവശ്യം. വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലറില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.