ബെംഗളൂരു: ഡി കെ ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ ഇന്ന് ബന്ദ്. കോണ്‍ഗ്രസ് ആഹ്വനം ചെയ്ത ബന്ദില്‍ ബസ്സുകള്‍ക്ക് നേരെ കല്ലേറ് നടന്നു. അറസ്റ്റിനെ തുടര്‍ന്ന് കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വേണം എന്ന് എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെടും.
ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തില്‍ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് ഇന്നും പ്രതിഷേധം നടത്തും. ശിവകുമാറിന് പിന്തുണയുമായി ജനതാദള്‍ എസും രംഗത്തെത്തി. ഭീഷണിയാകും എന്ന് കരുതുന്നവരെ വേട്ടയാടുകയാണ് ബിജെപിയെന്ന് എച്ച് ഡി കുമാരസ്വാമി കുറ്റപ്പെടുത്തി. വൊക്കലിഗ സമുദായ സംഘടനകളും ഇന്ന് പ്രതിഷേധ പരിപാടികള്‍ നടത്തും.
2017 ഓഗസ്റ്റില്‍ അന്ന് കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ദില്ലിയിലെ വസതിയില്‍ നിന്നും കണ്ടെടുത്ത എട്ടു കോടിയിലധികം രൂപയില്‍ ഏഴു കോടി കള്ളപ്പണം എന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍.


