ദില്ലി: കർണ്ണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ റോസ് അവന്യു കോടതിയിൽ ഹാജരാക്കി. ഇന്നലെ രാത്രിയോടെയാണ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ശിവകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ശിവകുമാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
അന്വേഷണവുമായി പൂർണമായി സഹകരിച്ചു എന്ന് ശിവകുമാർ കോടതിയെ അറിയിച്ചു. താൻ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ ശിവകുമാറിന്റെ നിയമ വിരുദ്ധ ഇടപാടുകൾക്ക് നിരവധി തെളിവുകൾ ലഭിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് പറയുന്നത്.
അന്വേഷണം നിർണ്ണായകഘട്ടത്തിലാണെന്നും ശിവകുമാറിനെ കസ്റ്റഡിയിൽ ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വാദിച്ചു. ചോദ്യം ചെയ്യൽ സമയത്ത് എങ്ങും തൊടാത്ത മറുപടികളാണ് ശിവകുമാർ നൽകിയതെന്നും ശിവകുമാർ കുറ്റക്കാരനാണെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ശിവകുമാറിന്റെയും കുടുംബത്തിന്റെയും സ്വത്തിൽ അസാധാരണ വളർച്ചയാണുണ്ടായതെന്നും എൻഫോഴ്സ്മെന്റ് പറയുന്നു.


