അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്. ജനുവരിയില്‍ പുതിയ പാര്‍ട്ടി രൂപവല്‍ക്കരിക്കും. ഡിസംബര്‍ 31ന് പ്രഖ്യാപനം നടത്തും. ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുമെന്ന് രജനീകാന്ത് പറഞ്ഞു. താന്‍ ജയിച്ചാല്‍ ജനങ്ങളുടെ വിജയമായിരിക്കും. തോറ്റാല്‍ ജനങ്ങളുടെ തോല്‍വിയെന്നും രജനീകാന്ത് പറഞ്ഞു.
2021 ജനുവരിയിലായിരിക്കും പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചു. ബുധനാഴ്ച രജനി മക്കള്‍ മന്‍ട്രത്തിന്റെ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്.
താന്‍ എന്തു തീരുമാനമെടുത്താലും അതിനെ പിന്തുണയ്ക്കുമെന്ന് ജില്ലാതല സമതികള്‍ അറിയിച്ചതായി രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് കഴിഞ്ഞ മാസം അവസാനം രജനീകാന്ത് സൂചന നല്‍കിയിരുന്നു. 69 കാരനായ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ഡോക്ടര്‍മാര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനമുള്ളതിനാല്‍ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹത്തോട് നിര്‍ദേശിച്ചു.
അതേസമയം ബിജെപിയുമായി സഹകരിക്കുന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ ആഴ്ച അമിത് ഷാ തമിഴ്നാട് സന്ദര്‍ശിപ്പോള്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപി നേതൃത്വം ചര്‍ച്ച ചെയ്തതായാണ് സൂചന. എന്നാല്‍ ഇതെക്കുറിച്ച് പ്രതികരിക്കാന്‍ രജനീകാന്ത് തയാറായിട്ടില്ല.


