തിരുവനന്തപുരം: രാജ്ഭവനേയും ഗവര്‍ണ്ണറേയും കടന്നാക്രമിച്ച് മുന്‍ മന്ത്രി തോമസ് ഐസക്ക്. രാജ്ഭവനില്‍ രഷ്ട്രീയനിയമനങ്ങള് നടത്തിയെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന ഗവര്‍ണറുടെ വെല്ലുവിളിക്ക് പിന്നാലെ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനങ്ങള്‍ ചൂണ്ടിക്കാണിച്ച് തോമസ് ഐസക്ക് രംഗത്തുവന്നത്. കുമ്മനം രാജശേഖരന് ബിജെപി പ്രസിഡന്റായിരുന്ന സമയത്ത് ബിജെപിയുടെ മാധ്യമവിഭാഗം തലവനായിരുന്ന ഹരി എസ് കര്‍ത്തയാണ് ഇപ്പോള്‍ ഗവര്‍ണറുടെ അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റെന്ന് തോമസ് ഐസക്ക് പറഞ്ഞു. 2022 ജനുവരി 18ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്കിയ കത്തിനെത്തുടര്‍ന്നാണ് ഹരി എസ് കര്‍ത്തയുടെ നിയമനമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
തോമസ് ഐസക്കിന്റെ വാക്കുകള്‍:
ബിജെപി നേതാക്കള്‍ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഏറ്റെടുക്കുകയാണ് ഗവര്‍ണറെന്നും തോമസ് ഐസക്ക് പറഞ്ഞു. ആരിഫ് മുഹമ്മദ് ആര്‍എസ്എസിന്റെ കൈക്കോടാലിയാണ് എന്നതിന് വേറെ തെളിവെന്തു വേണം? പറയുന്നതും ചെയ്യുന്നതുമെന്തെന്ന് അദ്ദേഹത്തിന് ഒരു ബോധവുമില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു.തോമസ് ഐസക്ക് പറഞ്ഞത്: എന്തിലൊക്കെയോ ‘ഇടപെടും’ എന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഇപ്പോഴത്തെ ഭീഷണി. അദ്ദേഹം ഏതോ വിഭ്രാന്തിയിലാണ്. തന്റേത് ഒരു ഔപചാരിക പദവി മാത്രമാണെന്ന ധാരണയ്ക്കു പകരം തനിക്ക് എന്തൊക്കെയോ വലിയ സ്വതന്ത്ര അധികാരങ്ങള്‍ ഉണ്ടെന്ന നാട്യത്തിലാണ്. ഗവര്‍ണ്ണര്‍ക്കുള്ള സ്വതന്ത്ര അധികാരങ്ങള്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ചെയ്യാന്‍ നോക്കിയാല്‍ അത് ആരും അംഗീകരിക്കാന്‍ പോകുന്നില്ല.
എല്ലാത്തിനും മീതെയാണ് താന്‍ എന്ന അദ്ദേഹത്തിന്റെ ഭാവം ഇവിടെയാരും വകവെച്ചു കൊടുക്കുന്നില്ല. ധനമന്ത്രിയില്‍ പ്രീതി നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. തനിക്ക് പ്രീതിയില്‍ ഒരു കുറവും ഇല്ലെന്ന് മുഖ്യമന്ത്രി തിരിച്ചു മറുപടിയും നല്കി. അതോടെ ആ ഉമ്മാക്കി അവസാനിച്ചു. പിന്നീട് വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനായി ശ്രമം. രാജി ആവശ്യപ്പെട്ടു കത്ത് നല്കി. പക്ഷേ, ആരും രാജിവച്ചില്ല. അതിനു വിശദീകരണം ചോദിച്ച് കത്തു നല്കി. ആരും മറുപടി നല്‍കിയില്ല. ഇക്കാര്യത്തില്‍ സ്വേച്ഛാപരമായി പെരുമാറരുതെന്നു കോടതിയും പറഞ്ഞു. ഇത്തരം നിയമവിരുദ്ധ നടപടികള്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
അതിനു മറുപടിയായിട്ടാണ് ഇന്ന് ഡല്‍ഹിയില്‍വച്ച് നിയമസംവിധാനങ്ങളും ജനങ്ങളും പുച്ഛിച്ചു തള്ളിയ ആരോപണങ്ങളുമായി ഗവര്‍ണര്‍ രംഗത്ത് എത്തിയത്. പോക്ക് എങ്ങോട്ട് എന്ന് വ്യക്തമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പലവട്ടം അന്വേഷിച്ചിട്ടും തെളിവിന്റെ തുമ്പുപോലും കിട്ടാത്ത ആരോപണമാണ് ഗവര്‍ണര്‍ ഏറ്റെടുത്തു പുലമ്പുന്നത്. ആ ഏജന്‍സികളുടെ കുറ്റപത്രങ്ങള്‍ കോടതിയ്ക്കു മുമ്പിലുണ്ട്. അതിലൊന്നും ഗവര്‍ണര്‍ പറഞ്ഞ ആരോപണമോ ആക്ഷേപമോ ഇല്ല.
പക്ഷേ, ബിജെപി നേതാക്കള്‍ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഏറ്റെടുക്കുകയാണ് ഗവര്‍ണര്‍. അദ്ദേഹം ആര്‍എസ്എസിന്റെ കൈക്കോടാലിയാണ് എന്നതിന് വേറെ തെളിവെന്തു വേണം? പറയുന്നതും ചെയ്യുന്നതുമെന്തെന്ന് അദ്ദേഹത്തിന് ഒരു ബോധവുമില്ല. ആര്‍എസ്എസ് നോമിനിയെ നിയമിച്ചെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കുമെന്നൊക്കെയാണ് ഇന്ന് ദില്ലിയില്‍ മുഴക്കിയ ഗീര്‍വാണം.കുമ്മനം രാജശേഖരന് ബിജെപി പ്രസിഡന്റായിരുന്ന സമയത്ത് ബിജെപിയുടെ മാധ്യമവിഭാഗം തലവനായിരുന്നു ഹരി എസ് കര്‍ത്ത. അദ്ദേഹം ഇപ്പോള്‍ ഗവര്‍ണറുടെ അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റാണ്.സാങ്കേതികമായി പറഞ്ഞാല്‍ ഹരി എസ് കര്‍ത്തായെ നിയമിച്ചത് സംസ്ഥാന സര്‍ക്കാരാണ്. പക്ഷേ, നിയമന ഉത്തരവ് നോക്കിയാലറിയാം, ശുപാര്‍ശ ആരുടേതെന്ന്. 18-01-2022-ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്കിയ കത്തിനെത്തുടര്‍ന്നാണ് നിയമനം. ഹരി എസ് കര്‍ത്തയുടെ നിയമനത്തിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക? ഏതായാലും ഗവര്‍ണറുടെ വിരട്ടൊന്നും ഇവിടെ ചെലവാകില്ല. അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയാലുടനെ സര്‍ക്കാരിന്റെ മുട്ടുവിറയ്ക്കുമെന്നൊരു ധാരണയില്‍ നിന്നാകാം, ഭീഷണിയും വെല്ലുവിളിയും. കാണാം, നമുക്കെന്നും ഐസക്ക് പറഞ്ഞു.


