യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് യുവജന രാഷ്ട്രീയത്തിന് കൃത്യമായ ദിശാബോധം പകരുമെന്ന് മുന്‍ എം.എല്‍.എ വി.ടി. ബല്‍റാം. യുവ ചിന്തന്‍ ശിബിറിന്റെ ചിത്രങ്ങളും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.
‘ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ‘യുവ ചിന്തന്‍ ശിബിര്‍’ പാലക്കാട് അഹല്യ ക്യാംപസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും മറ്റ് സഹപ്രവര്‍ത്തകരും നേതൃത്വം നല്കുന്ന ഈ ക്യാമ്പ് നമ്മുടെ യുവജന രാഷ്ട്രീയത്തിന് കൂടുതല്‍ കൃത്യമായ ദിശാബോധം പകരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു’. വി.ടി. ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
രക്തസാക്ഷി അനുസ്മരണത്തോടെയാണ് ‘യുവ ചിന്തന്‍ ശിബിര്‍’ തുടങ്ങിയത്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയാണ് പതാക ഉയര്‍ത്തിയത്. രമ്യ ഹരിദാസ് എം.പിയും ഷാഫി പറമ്പില്‍ എം.എല്‍.എയും ചേര്‍ന്ന് ദീപശിഖ കൊളുത്തിയതോടെ ക്യാമ്പിന് തുടക്കമായി.
യൂത്ത് കോണ്‍ഗ്രസിലും കെ.എസ്.യുവിലും പ്രവര്‍ത്തിക്കുമ്പോള്‍ സ്റ്റേജില്‍ വന്നിരിക്കാന്‍ പോലും ഭാഗ്യമുണ്ടാവാത്തയാളായിരുന്നു താനെന്ന് വിഡി സതീശന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ പ്രസംഗിക്കവേ പറഞ്ഞത് കൗതുകമായി.
ഏറ്റവും പുറകിലായിരുന്നു എന്റെ സ്ഥാനം. സ്റ്റേജില്‍ വന്ന് ഒന്നും പറയാനാവാത്തതിനാല്‍ കണ്ണീര് വന്ന് സങ്കടത്തോടെ ഇറങ്ങിപ്പോയിട്ടുണ്ട്. ഒരു വാക്ക് പോലും പറയാന്‍ അവസരം കിട്ടാതെ പോയിട്ടുണ്ട്. അതുകൊണ്ട് വളരെ പുറകിലിരിക്കുന്നവര്‍ വിഷമിക്കേണ്ടെന്നും ധൈര്യമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന -ജില്ലാ ഭാരവാഹികളെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.


