ന്യൂഡല്‍ഹി: കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെന്ന് അഭിപ്രായ സര്‍വ്വേ. എന്‍ഡിടിവി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസുമായി സഹകരിച്ച് നടത്തിയ സര്‍വേയിലാണ് സിദ്ധരാമയ്യക്ക് മുന്‍തൂക്കം. മുഖ്യമന്തി സ്ഥാനത്തേക്ക് ഏറ്റവുമധികം ആളുകള്‍ പിന്തുണക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബസവരാജ് ബൊമ്മൈ രണ്ടാം സ്ഥാനത്താണ്.
സംസ്ഥാനത്തെ മുതിര്‍ന്ന വോട്ടര്‍മാര്‍ക്കിടയിലാണ് സിദ്ധരാമയ്യക്ക് ജനപ്രീതി കൂടുതലുളളത്. അതേസമയം സിദ്ധരാമയ്യയെ അപേക്ഷിച്ച് ബൊമ്മൈ താരതമ്യേന ചെറുപ്പമാണ്. യുവവോട്ടര്‍മാരാണ് ബൊമ്മൈയെ കൂടുതല്‍ പിന്തുണയ്ക്കുന്നതെന്നും അഭിപ്രായ സര്‍വേ പറയുന്നു. ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) നേതാവ് എച്ച്ഡി കുമാരസ്വാമിയാണ് മൂന്നാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ കോണ്‍ഗ്രസിന്റെ ഡികെ ശിവകുമാറും ഉണ്ട്. നാല് തവണ മുഖ്യമന്ത്രിയായ ബിജെപിയുടെ ബിഎസ് യെദിയൂരപ്പ 5-ാം സ്ഥാനത്താണ്. 2021 വരെ യെദിയൂരപ്പയായിരുന്നു ബിജെപിയുടെ മുഖ്യമന്ത്രി. ഇത്തവണ യെദിയൂരപ്പ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.
സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും(56%) മുഖ്യമന്ത്രിയെ സ്ഥാനാര്‍ത്ഥിയേക്കാള്‍ ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്യുന്നത് എന്നതിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് പറഞ്ഞു. 38% പേര് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യുമെന്നും 4% പേര് മുഖ്യമന്ത്രിയുടെ മുഖം നോക്കി വോട്ട് ചെയ്യുമെന്ന് പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനെയും ജെഡിഎസിനെയും പിന്തുണയ്ക്കുന്ന വോട്ടര്‍മാരില്‍ നല്ലൊരു ഭാഗവും പാര്‍ട്ടി നോക്കി വോട്ട് ചെയ്യുന്നവരാണ്. എന്നാല്‍ ബിജെപി വോട്ടര്‍മാര്‍ ഇങ്ങനെയല്ല. വിവിധ കാര്യങ്ങളില്‍ വോട്ടര്‍മാരെ കൂടുതലായി പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസാണ്. വോട്ടര്‍മാര്‍ക്കിടയില്‍ അതുകൊണ്ട് കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. 59 ശതമാനം ആളുകളും പറഞ്ഞത് കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരാണ് ബിജെപിയാണെന്നാണ്. കോണ്‍ഗ്രസ്, ജെഡിഎസ് എന്നിവയേക്കാള്‍ വിഭാഗീയത കൂടുതലായി ഭരണകക്ഷിയെ തളര്‍ത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.