മുംബൈ: ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.. പ്രധാനമന്ത്രി പഠിച്ച കോളേജ് എന്ന നിലയില്‍ അഭിമാനത്തോടെ മുന്നോട്ട് വരേണ്ടതല്ലേ ആ വിദ്യാഭ്യാസ സ്ഥാപനം എന്ന് താക്കറെ ചോദിച്ചു.’ബിരുദധാരികളായ നിരവധി പേര് ഈ രാജ്യത്ത് തൊഴില്‍ രഹിതരാണ്. അതേസമയം പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ചോദിക്കുമ്പോള്‍ പിഴ ഈടാക്കുന്ന സാഹചര്യവും. പ്രധാനമന്ത്രി നരേന്ദ്രമോദി പഠിച്ചതെന്ന നിലയില്‍ അഭിമാനത്തോടെ മുന്നോട്ട് വരാന്‍ ആ സ്ഥാപനം എന്തുകൊണ്ടാണ് തയ്യാറാവാത്തതെന്നും താക്കറെ ചോദിച്ചു.
മഹാരാഷ്ട്രയിലെ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി സഖ്യത്തെയും ഉദ്ധവ് താക്കറെ ന്യായീകരിച്ചു. അധികാരത്തിന് വേണ്ടിയാണ് ഞങ്ങള്‍ ഒരുമിച്ചത്. ഭരണം നഷ്ടപ്പെട്ടെങ്കിലും ഞങ്ങള്‍ ഒരുമിച്ചാണ്. കൂടുതല്‍ ശക്തരുമാണ്. താക്കറെ പറഞ്ഞു..അവസരം കിട്ടുമ്പോഴെല്ലാം ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപി നടപടിയേയും താക്കറെ വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പ് നടക്കുമ്പോഴെല്ലാം അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ഞാന്‍ ഹിന്ദുത്വം ഉപേക്ഷിച്ചെന്ന് അവര്‍ പറയുന്നു. അതിനുള്ള ഒരു ഉദാഹരണം ചൂണ്ടികാണിക്കാമോ.’ താക്കറെ ചോദിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്ല്യമാണ്. ജുഡീഷ്യറിയെ നിയന്ത്രിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും താക്കറെ പറഞ്ഞു.


