കാക്കനാട്: എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനും ഭാര്യക്കുംകൂടി 75,38,067 രൂപയുടെ ആസ്തിയുണ്ടെന്ന് വരണാധികാരി അറിയിച്ചു. ഹൈബിക്കു പരമ്പരാഗതമായി ലഭിച്ച 32 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുണ്ട്. 15.06 ലക്ഷം രൂപ ഹൈബിയുടെ പേരിലും 3.7 ലക്ഷം രൂപ സൗഖ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലും ബാങ്കിലുണ്ട്. ഭാര്യയുടെ പേരില്‍ 18.01 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും 14.03 ലക്ഷം രൂപ മൂല്യമുളള സ്ഥാവര സ്വത്തുമുണ്ട്. ഹൈബിക്ക് 32 ലക്ഷം രൂപയുടെയും ഭാര്യക്ക് 15.50 ലക്ഷം രൂപയുടെയും ജംഗമ സ്വത്തുമുണ്ട്.
ഹൈബിക്ക് ബാധ്യതയൊന്നുമില്ല. ഭാര്യയുടെ പേരില്‍ 2 ലക്ഷം രൂപയുടെ വായ്പ എടുത്തിട്ടുണ്ട്. 23,000 രൂപ വില വരുന്ന സ്വര്‍ണം ഹൈബിക്കും 3.9 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം ഭാര്യക്കും 46,000 രൂപയുടെ സ്വര്‍ണം മകള്‍ക്കുമുണ്ട്. ഹൈബിയും ഭാര്യയും ചേര്‍ന്നു 25 ലക്ഷം രൂപയുടെ എല്‍ഐസി പോളിസി എടുത്തിട്ടുണ്ട്. 25,000 രൂപ പോസ്റ്റ് ഓഫിസ് നിക്ഷേപവും ഉണ്ട്. 6.26 ലക്ഷം രൂപയുടെ കാറും ഹൈബിക്കു സ്വന്തം. ഗതാഗതനിയമം ലംഘിച്ചതിനും സംഘം ചേര്‍ന്നു സമരം നടത്തിയതിനുമായി 6 കേസ് ഹൈബിയുടെ പേരിലുണ്ട്.
ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാനും കുടുംബത്തിനുമായി 2,13,77,869 രൂപയുടെ ആസ്തി. ബെന്നി ബഹനാന്റെ പേരില്‍ 99,24,526 രൂപയുടെ വസ്തുവകകളും ഭാര്യയുടെ പേരില്‍ 1,05,37,405 രൂപയുടെ വസ്തുവകകളുമുണ്ട്. 22.84 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും 7,98,600 രൂപയുടെ സ്വര്‍ണവും 79,000 രൂപ മൂല്യമുള്ള ഇന്‍ഷുറന്‍സും കുടുംബത്തിനുണ്ട്. ബെന്നി ബഹനാന്റെ കൈവശം പണമായി 36,000 രൂപയും ഭാര്യയുടെ കൈവശം 3,000 രൂപയുമുണ്ട്. 14,50,000 രൂപ മൂല്യമുള്ള കാറും സ്വന്തം. ഗതാഗതം തടസ്സപ്പെടുത്തിയതിനും മെട്രോ ട്രെയിനില്‍ നിയമം ലംഘിച്ചതിനും ശബരിമലയില്‍ നിരോധനം ലംഘിച്ചതിനും ബെന്നി ബഹനാന്റെ പേരില്‍ കേസുണ്ട്.
എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിനും ഭാര്യക്കുമായി 11 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് വരണാധികാരി അറിയിച്ചു. 2.63 കോടിയുടെ ജംഗമ സ്വത്തും 5 കോടിയുടെ സ്ഥാവര സ്വത്തും കണ്ണന്താനത്തിനുണ്ട്. ഭാര്യയുടെ പേരില്‍ 2.05 കോടിയുടെ ജംഗമ സ്വത്തും 1.76 കോടിയുടെ സ്ഥാവര സ്വത്തുമുണ്ട്. കര്‍ണാടകയില്‍ 3 കോടിയുടെയും ന്യൂഡല്‍ഹിയില്‍ 2 കോടിയുടെയും സ്വത്ത് കണ്ണന്താനത്തിന്റെ പേരിലുണ്ട്. ഭാര്യയുടെ പേരില്‍ കൊച്ചിയില്‍ 1.76 കോടി രൂപ മൂല്യമുള്ള വീടും 35 ലക്ഷം വില വരുന്ന ഡയമണ്ടും 15 ലക്ഷം വില വരുന്ന സ്വര്‍ണവുമുണ്ട്. കണ്ണന്താനത്തിന്റെ കൈവശമുള്ള പെയിന്റിങ്ങിനു 10 ലക്ഷം രൂപ മൂല്യം കണക്കാക്കുന്നു. 2 പേര്‍ക്കും ഓരോ കാര്‍ സ്വന്തമായുണ്ട്.