കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബിജെപിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നുമാണ് അംഗത്വം സ്വീകരിച്ചത്.
ബിജെപി അംഗത്വ ക്യാമ്പയിനിലൂടെ കൂടുതല്‍ പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്ന് കെ സുരേന്ദ്രന് പ്രതികരിച്ചു. സംസ്ഥാനത്തെ ബിജെപി അംഗത്വ വിതരണം ഊര്‍ജിതമാക്കണമെന്ന് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമുണ്ട്. ഈ മാസം അംഗത്വ വിതരണ ക്യാമ്പയിന് പൂര്‍ത്തിയാകാനിരിക്കെ നിശ്ചിത ലക്ഷ്യം നേടാനാകാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
25 ലക്ഷം മെമ്പര്‍ഷിപ്പ് വിതരണം ചെയ്യണമെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ പകുതി പോലും നേടാനായില്ല. അംഗത്വ വിതരണ നടപടികളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ രണ്ടു യോഗങ്ങള്‍ കഴിഞ്ഞദിവസം നടത്തിയിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ സംസ്ഥാന അധ്യക്ഷന്‍ വരെയുള്ള ഭാരവാഹികളുടെ യോഗവും ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥികളുടെ യോഗവുമാണ് നടത്തിയത്.