കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ പ്രചരണത്തിന്റെ ഭാഗമായി ഗുജറാത്തിലെ വാര്‍ധയില്‍ സേവഗ്രാമത്തില്‍ സന്ദര്‍ശനം നടത്തി. ഗാന്ധി ജയന്തി ദിനത്തില്‍ ഗുജറാത്തിലെത്തിയ തരൂര്‍ വിജയ പ്രതീക്ഷയുമായി ട്വീറ്റ് ചെയ്തു. ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നെ നിങ്ങളെ പരിഹസിക്കും. പിന്നീട് നിങ്ങളുമായി യുദ്ധം ചെയ്യും. ഒടുവില്‍ വിജയം നിങ്ങളുടേതാകുമെന്ന മഹാത്മാഗാന്ധിയുടെ വാചകമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.
ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായാണ് പോസ്റ്റ് എങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇതിന് സവിശേഷ പ്രാധാന്യമുണ്ട്. ഗാന്ധി കുടുംബത്തിന്റെ ആശീര്‍വാദത്തോടെ ഔദ്യോഗിക സ്ഥാനാര്‍ഥി പരിവേഷത്തിലെത്തുന്ന മല്ലികാര്‍ജുന്‍ ഖാര്ഗെക്കെതിരെയാണ് തരൂരിന്റെ പോരാട്ടം.
ഹൈക്കമാന്‍ഡ് അതൃപ്തി ഭയന്ന് പലരും നിലപാട് പരസ്യമാക്കിയില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ തനിക്ക് അനുകൂലമായി വോട്ട് വരുമെന്ന പ്രതീക്ഷയിലാണ് തരൂര്‍. കേരളത്തില്‍ നിന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഖാര്‍ഗെക്കൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം യുവനേതാക്കള്‍ തരൂരിനൊപ്പമാണെന്നാണ് സൂചന. കെ.എസ് ശബരീനാഥന് തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ച ആളാണ്. ഹൈബി ഈഡനും റിജില്‍ മാക്കുറ്റിയും തരൂരിന്റെ ഫോട്ടോ പങ്കുവെച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.


