
കോഴിക്കോട്: രമ്യ ഹരിദാസിനെതിരേ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരേ കേസെടുക്കാന്‍ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീ സുരക്ഷ പറഞ്ഞ് അധികാരത്തിലേറിയവരുടെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വിജയരാഘവന്റേത്. വിജയരാഘവനെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നവോത്ഥാനം പറയുന്നവര്‍ ഒരു സ്ത്രീയായ സ്ഥാനാര്‍ഥികളെ പോലും അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോട് കൂടി സി.പി.എമ്മിന് വിറളി പിടിച്ചിരിക്കുകയാണ്. പരാജയ ഭീതി കൊണ്ടാണ് രാഹുല്‍ഗാന്ധിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുമ്പോള്‍ ബി.ജെ.പിക്കായിരിക്കും വലിയ എതിര്‍പ്പെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഏറ്റവും വിരോധം സി.പി.എമ്മിനാണ്. ജന്മഭൂമിക്കും ദേശാഭിമാനിക്കും ഒരേ സ്വരമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മതേതര ശക്തികളെ ഊട്ടിയുറപ്പിക്കാന്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം വലിയ ഗുണം ചെയ്യും. തെക്കേ ഇന്ത്യയില്‍ നിന്ന് ബി.ജെ.പിയെ തുടച്ച് നീക്കാന്‍ ഇത് ഉപകരിക്കും. തിരഞ്ഞെടുപ്പിന് ശേഷം ഒരു ദേശീയ ബദല്‍ ഉണ്ടാക്കുമ്പോള്‍ എന്തായിരിക്കും അവരുടെ നിലപാടെന്ന് വ്യക്തമാക്കണം. അന്തമായ കോണ്‍ഗ്രസ് വിരോധമാണ് രാഹുല്‍ ഗാന്ധിക്കെതിരേയുള്ള വിമര്‍ശനത്തിന് പിന്നില്‍. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം മറ്റ് മണ്ഡലങ്ങളേയും ബാധിക്കുമെന്ന ഭീതി ഇവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിന്റെ ശ്രദ്ധ ഇനി ദേശീയ തലത്തിലുമെത്തും. അത് വലിയ ഗുണം ചെയ്യും. ഇതൊന്നും കാണാതെയാണ് വിമര്‍ശനം. തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമായി ശബരിമലയുമുണ്ടാകും. വിശ്വാസ സമൂഹത്തിനേറ്റ തിരിച്ചടിയെ കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


