മുംബൈ: രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം വര്‍ധിക്കുകയാണെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്നതായും വ്യവസായി രാഹുല്‍ ബജാജ്. മുംബൈയില്‍ ദ ഇക്കണോമിക് ടൈംസിന്റെ പുരസ്കാരച്ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വേദിയിലിരിക്കവെയാണ് രാഹുല്‍ ബജാജിന്റെ വിമര്‍ശനം.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരെവേണമെങ്കിലും വിമര്‍ശിക്കാന്‍ കഴിയുമായിരുന്നു. അത് നിങ്ങള്‍ നല്ല രീതിയില്‍ ചെയ്തു. പക്ഷേ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ രാജ്യത്ത് പലര്‍ക്കും ആത്മവിശ്വാസമില്ല. വിമര്‍ശനങ്ങളെ ശരിയായ രീതിയില്‍ സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നില്ലെന്നും രാഹുല്‍ ബജാജ് പറഞ്ഞു.
ആരും ഭയക്കേണ്ട കാര്യമില്ലെന്നായിരുന്നു അമിത്ഷാ ഇതിനു മറുപടിയായി അതേ വേദിയില്‍ പറഞ്ഞത്. മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയെ ദേശഭക്തന് എന്നു വിളിച്ച ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂറിനെക്കുറിച്ചും രാഹുല്‍ ബജാജ് പരാമര്‍ശിച്ചു. ആരാണു ഗാന്ധിയെ വെടിവെച്ചതെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? എനിക്കറിയില്ല.’- അദ്ദേഹം പറഞ്ഞു. പുരസ്കാര ചടങ്ങില്‍ അമിത്ഷായെ കൂടാതെ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്, പിയൂഷ് ഗോയല്‍ തുടങ്ങിയവരും പങ്കെടുത്തു.