കോട്ടയം: പാലായില്‍ സ്ഥാനാര്‍ത്ഥിയായി, എന്നാല്‍ ചിഹ്നം ഉണ്ടാകില്ലന്ന് ജോസഫിന്റെ ആദ്യ പ്രതീകരണം. യഥാര്‍ത്ത പാര്‍ട്ടി ഏതെന്ന കോടതി തീരുമാനം വരട്ടെയെന്നും ജോസഫ്. എന്നാല്‍ ചിഹ്നം മാണി തന്നെയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ പ്രതീകരിച്ചു.
അവസാന നിമിഷം വരെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന നിഷ ജോസ് കെ മാണിയെ ഒഴിവാക്കിയാണ് ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കിയത്.മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക ശേഷമാണ് പ്രഖ്യാപനം വന്നത്.
കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥി വേണ്ടെന്ന് ജോസ് കെ മാണി പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയതായി തോമസ് ചാഴികാടന് എംപി പറഞ്ഞിരുന്നു. നിഷ വിജയ സാധ്യതയില്ലാത്ത സ്ഥാനാര്‍ഥിയാണെന്ന് നേരത്തെ പിജെ ജോസഫ് വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.
സ്ഥാനാര്‍ഥി നിര്‍ണയ വിഷയത്തില്‍ ജോസ് കെ മാണിയും പിജെ ജോസഫും കടുംപിടുത്തം തുടര്‍ന്നതോടെ യുഡിഎഫ് നേതൃത്വ വെട്ടിലായിരുന്നു. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന നില വന്നപ്പോള്‍ പൊതു സമ്മതനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടാണ് യുഡിഎഫ് നേതൃത്വം സ്വീകരിച്ചത്.


