#കോഴിക്കോട്: രാഹുല്‍ ഗാന്ധി ഏപ്രില്‍ നാലിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഇതിനായി മൂന്നാം തീയതി വൈകീട്ട് രാഹുല്‍ കോഴിക്കോടെത്തും. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമാണ് വ്യാഴാഴ്ച. എ.ഐ.സി.സി സംഘടനാകാര്യ ചുമതലയുള്ള കെ.സി വേണുഗോപാലിനാണ് പത്രികാ സമര്‍പ്പണത്തിന്റെ ക്രമീകരണചുമതല നല്‍കിയിട്ടുള്ളത്. രാഹുലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ പരിശോധനക്കായി എസ്.പി.ജി സംഘം ഇന്ന് ജില്ലയിലെത്തും.
അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം വയനാട്ടിലേക്കുള്ള രാഹുലിന്റെ ആദ്യ വരവ് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. 20 ദിവസത്തില്‍ താഴെ മാത്രമേ വയനാട് മണ്ഡലത്തില്‍ പ്രചാരണം നടത്താന്‍ രാഹുലിന് സമയം ലഭിക്കൂ.
ഇതിനിടയില്‍ ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചരണത്തിന് എത്തണം. കൂടാതെ, ഉത്തര്‍പ്രദേശിലെ സിറ്റിംഗ് സീറ്റായ അമേത്തിയില്‍ പത്രികാ സമര്‍പ്പണവും സന്ദര്‍ശനവും നടത്തേണ്ടതുണ്ട്.