അങ്കമാലി: അങ്കമാലിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഇരുന്നൂറ് ഗ്രാം രാസലഹരിയുമായി രണ്ട് യുവാക്കളെ സാഹസികമായി പിടികൂടി. കോട്ടയം കോട്ടമുറി അതിരമ്പുഴ പേമലമുക്കാലേല് അനിജിത്ത് കുമാര്‍ (24), ഈരാറ്റുപേട്ട മറ്റക്കാട് പൂഞ്ഞാര്‍ മുളക്കപ്പറമ്പില്‍ അജ്മല്‍ ഷാ (28) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും, അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ബംഗലൂരുവില്‍ നിന്ന് കാറില്‍ കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്. കരയാംപറമ്പില്‍ വച്ച് കാറിന് പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചു പോയി. തുടര്‍ന്ന് പിന്തുടര്ന്ന് ടി.ബി ജംഗ്ഷനില്‍ വച്ച് പിടികൂടുകയായിരുന്നു. പ്രത്യേക അറയിലൊളുപ്പിച്ച് കടത്തുകയായിരുന്നു. കാറും കസ്റ്റഡിയിലെടുത്തു. വില്‍പ്പനയ്ക്കായാണ് എം.ഡി.എം.എ കൊണ്ടുവന്നത്. ആലുവയിലാണ് പ്രതികള്‍ താമസിക്കുന്നത്. ഇവരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഡാന്‍സാഫ് ടീമിനെ കൂടാതെ നര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി ജെ. ഉമേഷ് കുമാര്‍, ആലുവ ഡി.വൈ.എസ്.പി ടി.ആര് രാജേഷ്, അങ്കമാലി ഇന്‍സ്പെക്ടര്‍ എ.രമേഷ്, എസ്.ഐ പ്രദീപ് കുമാര്‍ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ആലുവ മുട്ടത്ത് സ്പായില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇരുപത്തിനാല് ഗ്രാം എം.ഡി.എം.എയും, അറന്നൂറ് ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരായ രണ്ട് പേരെ അറസ്റ്റും ചെയ്തിരുന്നു.