സിന്ധുദുര്‍ഗ്: ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീല്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് സിന്ധുദുര്‍ഗ് പോലീസിന് കൈമാറി.
പദ്ധതിയുടെ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് താനല്ലെന്ന് പട്ടീല്‍ പറഞ്ഞതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. പ്രതിമ സ്ഥാപിക്കുന്ന പ്ലാറ്റ്ഫോം സംബന്ധിച്ച ജോലിചെയ്യാന്‍ മാത്രമാണ് തന്നോട് ആവശ്യപ്പെട്ടിരുന്നത്. പ്രതിമ സ്ഥാപിച്ച പ്ലാറ്റ്ഫോമിന്റെ മാതൃക പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) വഴി ഇന്ത്യന്‍ നാവികസേനയ്ക്ക് സമര്‍പ്പിച്ചിരുന്നുവെന്നും എന്നാല്‍, പ്രതിമയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ചേതന്‍ പട്ടീല്‍ പ്രതികരിച്ചു. താനെ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് പ്രതിമയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തത്.
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയില്‍ മല്‍വാനിലെരാജ്കോട്ട് കോട്ടയില്‍ സ്ഥാപിച്ചിരുന്ന ഛത്രപതി ശിവജിയുടെ പ്രതിമയാണ് തകര്‍ന്നുവീണത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സ്ഥാപിച്ച 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് അനാച്ഛാദനംചെയ്ത് ഏകദേശം ഒമ്പത് മാസത്തിന് ശേഷം തകര്‍ന്നത്. പ്രതിമ ഉറപ്പിച്ചിരുന്ന പീഠത്തില്‍നിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്. തുടര്‍ന്ന് പിറകോട്ടു മറിഞ്ഞുവീണ പ്രതിമ കഷണങ്ങളായി ചിതറി. പ്രതിമ തകര്‍ന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ നാവികസേന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.