തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനില്‍കാന്ത് ഐപിഎസ് ചുമതലയേറ്റു. 1988 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ദളിത് വിഭാഗത്തില്‍ നിന്നുളള സംസ്ഥാനത്തെ ആദ്യത്തെ പൊലീസ് മേധാവിയാണ്. ഡല്‍ഹി സ്വദേശിയായ അദ്ദേഹം എഡിജിപി കസേരയില്‍ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പോലീസ് ഓഫീസർ കൂടിയാണ്.
നിലവിലെ റോഡ് സുരക്ഷാ കമ്മിഷണറാണ് അദ്ദേഹം. പൊലീസ് സേനയിലും രാഷ്ട്രീയ നേതൃത്വത്തിലും പൊതുവേ സ്വീകാര്യനായ ആളാണ് അനില്‍കാന്ത്. അടുത്ത ജനുവരി വരെ അദ്ദേഹം പൊലീസ് മേധാവിയായി തുടരും. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, വിജിലന്‍സ് ഡയറക്ടര്‍, ഫയര്‍ ഫോഴ്സ് മേധാവി എന്നീ ചുമതലകള്‍ നേരത്തെ അനില്‍ കാന്ത് നിര്‍വഹിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിൽ മൂന്നു പേരുടെ ചുരുക്കപ്പട്ടികയാണ് യു പി എസ് സി സംസ്ഥാന സര്‍ക്കാരിന് മുന്നിൽ വച്ചത്. സുദേഷ് കുമാര്‍, ബി സന്ധ്യ എന്നിവരായിരുന്നു മറ്റ് രണ്ടുപേര്‍. വിവാദങ്ങളില്ലാത്ത സര്‍വീസ് ചരിത്രം പരിഗണിച്ച് മറ്റു രണ്ടു പേരെയും ഒഴിവാക്കി അനില്‍ കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.


