കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയവര്‍ കൊല്ലം ജില്ലക്കാരെന്ന നിഗമനത്തില്‍ പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് വര്‍ക്കല–കല്ലുവാതുക്കല്‍ ഭാഗത്തേക്കെന്നും പൊലീസിന് സൂചന ലഭിച്ചു. ഒറ്റനിലയുള്ള വലിയ വീട്ടിലാണ് കഴിഞ്ഞതെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്. അതേസമയം, സംശയമുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ കാണിച്ചെങ്കിലും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടിയില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് രേഖാചിത്രം തയാറാക്കാന്‍ ശ്രമം തുടങ്ങി.
അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും പൊലീസിന് സംശയമുണ്ട്. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നെന്ന് പറയാന്‍ കുട്ടിയോട് ആവശ്യപ്പെട്ടു. നീല കാറിലാണ് ആശ്രാമത്തേക്ക് എത്തിയതെന്ന് പറയണമെന്നും നിര്‍ദേശിച്ചുവെന്നും പൊലീസ് പറയുന്നു. കുട്ടി പറയുന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നും അതിനായി വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.