മലപ്പുറം: രണ്ട് കോടിയോളം രൂപ വില വരുന്ന പാമ്പിന് വിഷവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റം വിരമിച്ച വിരമിച്ച അധ്യാപകനുമടക്കം 3 പേര് മലപ്പുറത്ത് പിടിയില്‍. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടില്‍ പ്രദീപ് നായര്‍ (62), പത്തനംതിട്ട അരുവാപ്പുലം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കോന്നി ഇരവോണ്‍ സ്വദേശി പാഴൂര്‍ പുത്തന്‍വീട്ടില്‍ ടി.പി. കുമാര്‍ (63), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വടക്കേവീട്ടില്‍ ബഷീര്‍ (58) എന്നിവരാണു പിടിയിലായത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഇവരെ വനം-വന്യജീവി വകുപ്പിന് കൈമാറും.
ബുധനാഴ്ച വൈകീട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് ഫ്ളാസ്കില്‍ ഒളിപ്പിച്ചനിലയില്‍ പാമ്പിന്‍വിഷവും കണ്ടെടുത്തു. മലപ്പുറം സ്വദേശിക്ക് വില്ക്കാന് വേണ്ടിയാണ് ഇവര്‍ കൊണ്ടോട്ടിയിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്ക് വിഷം എത്തിച്ചുനല്‍കിയ ആളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ.എസ്.പി. വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ എസ്.ഐ. ഫദല്‍ റഹ്മാനും ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
അരുവാപ്പുലം മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായിരുന്ന ടി.പി.കുമാറിനും എല്ലായിടത്തും സജീവമായിനിന്ന പ്രതീപ് നായര്‍ക്കും പാമ്പിന് വിഷത്തിന്റെ കച്ചവടം. കൊണ്ടോട്ടിയില്‍നിന്നുള്ള ഇരുവരുടേയും അറസ്റ്റിന്റെ വിവരമറിഞ്ഞ് ഐവണ്കാരും അതുമ്പുംകുളംകാരും ഞെട്ടി.
എന്തൊക്കെയോ ബിസിനസുകള്‍ ഉണ്ടെന്ന് കേട്ടിരുന്നതല്ലാതെ ഇങ്ങനെയൊരു കച്ചവടത്തിലെ പങ്കാളിത്തം ആരും പ്രതീക്ഷിച്ചിരുന്നില്ല. നാട്ടില്‍ ആരോടും ഇന്നേവരെ സംസാരത്തില്‍പോലും പാമ്പിന്വിഷക്കച്ചവടത്തിന്റെ സൂചനകള്‍ രണ്ടുപേരും മിണ്ടിയിട്ടേയില്ലെന്നും പരിചയക്കാര് പറയുന്നു.
അരുവാപ്പുലം പഞ്ചായത്ത് മുന്‍പ്രസിഡന്റായിരുന്ന ടി.പി. കുമാര്‍ ഒരുകാലത്ത് മലയോരമേഖലയിലെ സി.പി.എമ്മിന്റെ പ്രബലനേതാക്കളില്‍ ഒരാളായിരുന്നു. പിന്നീട് അച്ചടക്കനടപടി നേരിട്ടതോടെ പാര്‍ട്ടിയില്‍ സജീവമല്ലാതായി. നിലവില്‍ െഎരവണ് ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. റിട്ട.അധ്യാപകനായ ഇദ്ദേഹത്തിന് ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടുമാണുള്ളത്. പ്രതീപ് നായരാകട്ടെ ഏറെക്കാലം വിദേശത്തായിരുന്നു. നാട്ടിലെത്തിയശേഷം അല്ലറചില്ലറ വാഹനക്കച്ചവടവും മറ്റും നടത്തിയെങ്കിലും പിന്നീട് അതും നിര്‍ത്തി. സാമ്പത്തികമായും മറ്റ് ചുറ്റുപാടുകളിലും നല്ല നിലവാരത്തിലുള്ള കുടുംബമാണ് പ്രതീപിന്റേതും.


