ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂപടം വികലമായി പ്രദര്‍ശിപ്പിച്ചതിന് ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരെ കേസ്. യു പി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബജ്രംഗ്ദള് നേതാവിൻ്റെ പരാതിയിലാണ് പൊലീസ് നടപടി. കേന്ദ്ര സര്‍ക്കാരുമായി നിരന്തരം കലഹിക്കുന്ന ട്വിറ്ററിൻ്റെ ഭാഗത്ത് നിന്നും വീണ്ടും ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.
ജമ്മു കാശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയുടെ ഭൂപടത്തില്‍ നിന്നും ഒഴിവാക്കിയാണ് ട്വിറ്ററിൻ്റെ പുതിയ പ്രകോപനം. ഈ പ്രദേശങ്ങളെ പ്രത്യേക രാജ്യമായിട്ടാണ് കാണിച്ചിരിക്കുന്നത്. മെക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിലെ കരിയര്‍ വിഭാഗത്തില്‍ ദൃശ്യമാകുന്ന ഭൂപടത്തിലാണ് ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവ രാജ്യത്ത് നിന്ന് വേര്‍പെടുത്തിയതായി കാണിച്ചിരിക്കുന്നത്.
ഐടി ചട്ടങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി ട്വിറ്റര്‍ പേജില്‍ വന്നത്. ഇതാദ്യമായിട്ടല്ല ട്വിറ്റര്‍ ഇന്ത്യയുടെ വികലമായ ഭൂപടം കാണിക്കുന്നത്. ജമ്മു കാശ്മീരിലെ ലേയുടെ ജിയോ ലൊക്കേഷനാണ് മുന്‍പ് തെറ്റായി നല്‍കിയത്. ഭൂപടം തെറ്റായി ചിത്രീകരിച്ചതില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചുകൊണ്ട് കേന്ദ്രം കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ സി ഇ ഒയ്ക്ക് കത്തെഴുതിയിരുന്നു.
അതിനിടെ പരാതികള്‍ പരിഹരിക്കാനുള്ള ഉദ്യോഗസ്ഥനായി അമേരിക്കന്‍ പൗരനെ നിയമിച്ച സംഭവത്തിലും ട്വിറ്ററിനെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണ്. ചട്ടം അനുസരിച്ച് ഇന്ത്യന്‍ പൗരന്മാരെയാണ് ഈ സ്ഥാനത്ത് നിയമിക്കേണ്ടത്. ട്വിറ്റര്‍ നിയമിച്ച ഇന്ത്യക്കാരനായ ഉദ്യോഗസ്ഥന് രാജിവെച്ചതിന് പിന്നാലെയാണ് ആ സ്ഥാനത്ത് അമേരിക്കന്‍ പൗരനെ ട്വിറ്റര്‍ നിയമിച്ചത്. ട്വിറ്ററിൻ്റെ ഭാഗത്ത് നിന്നുള്ള ഇപ്പോഴത്തെ വീഴ്ചയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ നിരവധി പേര് പ്രതികരണവുമായി എത്തിയിട്ടുണ്ട്.


