തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ അന്വേഷണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ ഡിജിപിക്ക് നല്കിയ പരാതിയിലാണ് അന്വേഷണം. അന്വേഷണ ചുമതല ഹൈടെക് സെല്ലിനെ ഏല്‍പ്പിച്ചു.
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ വീണാ എസ് നായര്‍ ഡിജിപിക്ക് പരാതി നല്‍കിയതിന് പുറമേ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. കെ സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുളള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്നും കെ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ വീണ എസ് നായര്‍ ആവശ്യപ്പെട്ടു.
സുരേന്ദ്രനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും അറിയിച്ചു.
തൃശ്ശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. സിപിഐഎമ്മിലെ വനിതാ നേതാക്കള്‍ തടിച്ചുകൊഴുത്ത് പൂതനകളായി എന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.